മോസ്കോ
റഷ്യയിൽ വാഗ്നർ ഗ്രൂപ്പ് സൈനികർ നടത്തിയത് ആഭ്യന്തരയുദ്ധം തുടങ്ങിവയ്ക്കാനുള്ള ശ്രമമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ശ്രമം പരാജയപ്പെടുത്തിയ റഷ്യൻ സൈന്യത്തെയും സുരക്ഷാ ജീവനക്കാരെയും പുടിൻ അഭിനന്ദിച്ചു. ക്രെംലിനിൽ സൈനികരെയും നാഷണൽ ഗാർഡുകളെയും അഭിസംബോധന ചെയ്യുകയായിരുന്നു പുടിൻ.
കലാപശ്രമത്തിൽ വാഗ്നർ സംഘം റഷ്യൻ സൈനിക പൈലറ്റുമാരെ കൊന്നതായും പുടിൻ പറഞ്ഞു. സംഘർഷ സാഹചര്യങ്ങളിൽ ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം റഷ്യൻ ജനതയോട് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി സെർജി ഷൊയ്ഗുവും പുടിനൊപ്പം ഉണ്ടായിരുന്നു. ഷൊയ്ഗുവിനെ പുറത്താക്കണമെന്നതായിരുന്നു മോസ്കോയിലേക്ക് മാർച്ച് നടത്തിയ വാഗ്നർ സൈനികരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്.
അതിനിടെ, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും ഉന്നത സൈനികനേതാക്കളുടെയും യോഗം വിളിച്ച പുടിൻ, വാഗ്നർ ഗ്രൂപ്പ് പൂർണമായും സർക്കാർ ഫണ്ടിലാണ് പ്രവർത്തിച്ചിരുന്നതെന്നും വ്യക്തമാക്കി. കഴിഞ്ഞവർഷംമാത്രം സംഘത്തിന് സർക്കാർ 100 കോടി ഡോളർ നൽകി. കലാപശ്രമത്തിന് നേതൃത്വം നൽകിയ യെവ്ഗേനി പ്രിഗോഷിൻ ബലാറസിലുണ്ടെന്ന് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ സ്ഥിരീകരിച്ചു. പ്രിഗോഷിനും സൈനികർക്കും എതിരായ കേസുകൾ അവസാനിപ്പിച്ചതായി ചൊവ്വാഴ്ച റഷ്യൻ അധികൃതർ പ്രഖ്യാപിച്ചു. വാഗ്നർ സൈനികർ തങ്ങളുടെ പക്കലുള്ള ആയുധങ്ങൾ റഷ്യക്ക് കൈമാറും.