കൊടകര
വ്യാജ സ്വർണം പണയപ്പെടുത്തി പണം വാങ്ങിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. ചാലക്കുടി പോട്ടയിൽ കാട്ടുമറ്റത്തിൽ മുൻ ഡിവൈഎസ് പി വിജയനെ(69)യാണ് ചൊവ്വാഴ്ച ഉച്ചയോടെ കൊടകര പൊലീസ് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കൊടകര ഫാർമേഴ്സ് സഹകരണ ബാങ്ക് അധികൃതരുടെ പരാതിയിലാണ് നടപടി.
10മാസം മുമ്പ് 144.5 ഗ്രാം വ്യാജ സ്വർണം സഹകരണ ബാങ്കിൽ പണയപ്പെടുത്തി 5,48,000 രൂപയാണ് ഇയാൾ കൈപ്പറ്റിയത്. ഇതിനിടെ രണ്ട് തവണ പണയം പുതുക്കുകയും ചെയ്തു. വ്യാജസ്വർണം എളുപ്പം തിരിച്ചറിയാതിരിക്കാൻ ചെമ്പ് ആഭരണങ്ങൾ നേരിയ സ്വർണത്തകിടിൽ പൊതിഞ്ഞ നിലയിലായിരുന്നു. ബാങ്കിന്റെ പതിവ് പരിശോധനയിൽ യാദൃച്ഛികമായാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്.