തിരുവനന്തപുരം> സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസില് പ്രവേശിക്കുന്ന കെ.എ.എസ്. ഉദ്യോഗസ്ഥര്ക്ക് പേരിനൊപ്പം കെഎഎസ്. എന്നു ചേര്ക്കാന് അനുമതി നല്കുമെന്ന് മന്ത്രിസഭാ യോത്തിൽ തീരുമാനം. അഖിലേന്ത്യാ സര്വ്വീസ് ഉദ്യോഗസ്ഥര് പേരിനൊപ്പം പ്രസ്തുത സര്വ്വീസിന്റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയിലാവും ഇത്. പരിശീലനം പൂര്ത്തിയാക്കുന്ന കെ.എ.എസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര് ജൂലൈ 1ന് വിവിധ വകുപ്പുകളില് ചുമതലയേല്ക്കും.
സ്പെഷ്യല് ഗവ. പ്ലീഡര്
ഹൈക്കോടതിയിലെ സ്പെഷ്യല് ഗവ. പ്ലീഡര് (ഇറിഗേഷന്) തസ്തികയിലേക്ക് അഡ്വക്കേറ്റ് ജനറല് ശുപാര്ശ ചെയ്ത അഡ്വ. സുജിത് മാത്യു ജോസിനെ നിയമിക്കാന് തീരുമാനിച്ചു. കൊച്ചി കലൂര് സ്വദേശിയാണ്.
പുനര്നിയമനം
കേരള സ്റ്റേറ്റ് കയര് മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും കേരള ഓട്ടോമൊബൈല്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും നിര്വ്വഹിച്ചുവരുന്ന പി.വി. ശശീന്ദ്രന് 01.06.2023 മുതല് പുനര്നിയമനം നല്കാന് തീരുമാനിച്ചു. ആറു മാസത്തേയ്ക്കോ പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിക്കുന്നതുവരെയോ ആകും നിയമനം.
ശമ്പളപരിഷ്കരണം
സംസ്ഥാന ഐടി മിഷനിലെ 27 തസ്തികളിലെ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിന് വ്യവസ്ഥകള്ക്ക് വിധേയമായി അംഗീകാരം നല്കി. പരിഷ്ക്കരണം 1.4.2020 മുതല് പ്രാബല്യത്തില് വരും.
കേരള സ്റ്റേറ്റ് ബിവറേജസ് കേര്പ്പറേഷനില് സര്ക്കാര് ജീവനക്കാരുടെ
11-ാം ശമ്പള പരിഷ്കരണത്തിന്റെ അടിസ്ഥാനത്തില് ശമ്പള പരിഷ്കരണം നടപ്പാക്കാന് തീരുമാനിച്ചു.
സംസ്ഥാന സര്ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലെ എസ്എല്ആര് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഏകീകരിച്ച് പരിഷ്കരിക്കാന് തീരുമാനിച്ചു.
വിരമിക്കല് പ്രായം 56 ആക്കി
കേരള സ്റ്റേറ്റ് റിമോട്ട് സെന്സിംഗ് ആന്റ് എന്വയോണ്മെന്റ് സെന്ററിലെ ശാസ്ത്രവിഭാഗം ജീവനക്കാരുടെ വിരമിക്കല് പ്രായം 55 വയസ്സില് നിന്നും 56 വയസ്സാക്കി ഉയര്ത്തി സര്വ്വീസ് റൂള്സില് ഭേദഗതി വരുത്താന് തീരുമാനിച്ചു.