മനാമ > മാനവ സാഹോദര്യത്തിന്റെ വിളംബരവുമായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്നിന്നെത്തിയ തീര്ഥാടകര് അറഫ മൈതാനിയില് സംഗമിച്ചു. സൂര്യാസ്തമയം വരെ വിശ്വാസികള് അറഫയില് പ്രാര്ഥനയില് മുഴുകും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില് ചൊവ്വാഴ്ച 20 ലക്ഷത്തോളം തീര്ത്ഥാടകര് പങ്കെടുത്തു.
തമ്പുകളുടെ നഗരിയായ മിനായില് രാപാര്ത്ത തീര്ഥാടകര് പുലര്ച്ചെ പ്രഭാത നമസ്കാരന്തരമാണ് അറഫ മൈതാനിയിലേക്ക് നീങ്ങി തുടങ്ങിയത്. മശാഈര് ട്രെയിനുകളിലും ബസുകളിലുമായാണ് തീര്ഥാടകര് അറഫയിലേക്ക് എത്തുന്നത്.
അറഫയിലെ നമീറ പള്ളിയില് പ്രവാചകന് മുഹമ്മദ് നബിയുടെ ചരിത്രപ്രസിദ്ധമായ അറഫ പ്രഭാഷണത്തെ അനുസ്മരിപ്പിക്കുന്ന ഖുത്വബ പ്രഭാഷണത്തോടെയാണ് സംഗമത്തിന് തുടക്കമായത്. സൗദിയിലെ ഉയര്ന്ന ഇസ്ലാമിക അതോറിറ്റിയായ കൗണ്സില് ഓഫ് സീനിയര് സ്കോളേഴ്സിലെ അംഗമായ യൂസഫ് ബിന് സഈദ് ഖുതുബ നിര്വ്വഹിച്ചു. ലോക സമാധാനത്തിനും ശാന്തിക്കും മനുഷ്യര് തമ്മിലുള്ള ഐക്യം മാത്രമാണ് പ്രതിവിധിയെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര സ്നേഹത്തിലൂടെ മാത്രമേ ലോകത്തിന് മുന്നോട്ട് ചലിക്കാനാകൂ. ഐക്യം നിലനിര്ത്താന് ആവശ്യമായ സാമൂഹിക നിയമങ്ങള് എല്ലാവരും പാലിക്കണമെന്നും കിംവദന്തികള് ഉപേക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നമീറ മസ്ജിന് സമീപം കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന അറഫയില് ളുഹര്, അസര് നമസ്കാരങ്ങള് ചുരുക്കി ഒരുമിച്ച് നമസ്കരിച്ച്ശേഷം വൈകുന്നേരം വരെ തീര്ഥാടകര് പ്രാര്ഥനകളില് മുഴുകം. സൂര്യാസ്തമയം വരെ അറഫയില് തങ്ങിയ ശേഷം ഹാജിമാര് മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ രാപ്പാര്ത്ത് ജംറയില് എറിയാനുള്ള കല്ലുകള് ശേഖരിച്ച് ബുധന് പുലര്ച്ചെ മിനായില് തിരിച്ചെത്തും. ജംറകളിലെ കല്ലേറും മറ്റു കര്മ്മങ്ങളുമായി മൂന്നു നാളുകള് തീര്ഥാടകര് മിനായില് കഴിച്ചുകൂട്ടും.
സൗദിയിലടക്കം ഗള്ഫ് രാജ്യങ്ങളില് ബുധനാഴ്ച ബലിപ്പെരുന്നാള് ആഘോഷിക്കും. കേരളത്തില് വ്യാഴാഴ്ചയാണ് പെരുന്നാള്. തിങ്കളാഴ്ച മിനായിലെ രാപ്പാര്പ്പോടെയാണ് ഈ വര്ഷത്തെ ഹജ്ജ് കര്മ്മങ്ങള്ക്ക് തുടക്കമായത്.
ഹജ്ജ് റിപ്പോര്ട്ടിംഗിനായി 1200 മാധ്യമ പ്രവര്ത്തകര്, 81 ടിവി ചാനലുകള്, 25 മീഡിയ പ്രൊഡക്ഷന് കമ്പനികള്, 13 റേഡിയോകള്, 52 പത്രങ്ങള്, 52 അന്താരാഷ്ട്ര വാര്ത്താ ഏജന്സികള് എന്നിവക്ക് ലൈസന്സ് നല്കിയതായി ഇന്ഫര്മേഷന് മന്ത്രാലയത്തിലെ ഓഡിയോ വിഷ്വല് മീഡിയ ജനറല് അതോറിറ്റി അറിയിച്ചു.