കോട്ടയം > പാലാ ടൗണിൽ അലഞ്ഞു തിരിയുന്ന നിലയിൽ കണ്ടെത്തിയ നായക്കുട്ടിയുടെ ഉടമസ്ഥരെ അന്വേഷിക്കുന്നു. ബീഗിൾ ഇനത്തിൽ പെട്ട നായക്കുട്ടിയെയാണ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്. ടൗണിൽ അലഞ്ഞുതിരിയുകയായിരുന്ന നായയെ പുലർച്ചെയോടെ രണ്ടു ചെറുപ്പക്കാരാണ് പാലാ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ ആരും തേടിയെത്തിയില്ല. ഇതേത്തുടർന്നാണ് പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ കുറിപ്പ് പങ്കുവെച്ചത്. രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് നായക്കുട്ടിയെ കൈമാറാനാണ് തീരുമാനം. ഉടമസ്ഥർ പാലാ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും കുറിപ്പിലുണ്ട്.