തിരുവനന്തപുരം
രാജാസ് സ്കൂളുമായി ബന്ധപ്പെട്ട് കെ കരുണാകരന്റെ പേര് ദുരുപയോഗപ്പെടുത്തി കെ സുധാകരൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുന്നു. മോൻസൺ കേസിൽ സുധാകരനെ അനുകൂലിച്ച കെ മുരളീധരന്റെ പ്രതികരണം എന്താകുമെന്നാണ് നേതൃത്വം നോക്കുന്നത്. മുതിർന്ന നേതാവായിരുന്ന കരുണാകരന്റെ പേരിൽ തട്ടിപ്പ് നടത്തുന്നുവെന്നത് പല നേതാക്കളും വൈകാരികമായാണ് കാണുന്നത്.
വൈദ്യുതിയിൽനിന്ന് മാലിന്യം നിർമിക്കാനുള്ള പദ്ധതിയിലൂടെ 175 കോടി രൂപ അഴിമതി നടത്താൻ സുധാകരൻ ശ്രമിച്ചുവെന്ന് നേരത്തേ പ്രശാന്ത് ബാബു പരാതി നൽകിയിരുന്നു. പരാതി ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് സുധാകരന്റെ ശൈലിയാണെന്നും പ്രശാന്ത് ബാബു പറയുന്നു. ചെന്നൈ ആസ്ഥാനമായുള്ള ചിട്ടിക്കമ്പനിക്കാരൻ 25 ലക്ഷം വാഗ്ദാനം ചെയ്ത കാര്യവും അദ്ദേഹം തിങ്കളാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ചു. ചൊവ്വാഴ്ച തെളിവുകളോടെ ഹാജരാകുമെന്ന പ്രശാന്ത് ബാബുവിന്റെ തുറന്നുപറച്ചിൽ കോൺഗ്രസിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.