തൃശൂർ
പുതിയ കാലത്ത് നമ്മുടെ ജീവിതത്തിനു ചുറ്റുമുള്ള ചതിക്കുഴികൾ തിരിച്ചറിയണമെന്ന് മോഹൻലാൽ. യുവാക്കളിൽ, വിദ്യാർഥികളിൽ പടർന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം ഇല്ലാതാക്കാൻ നാടൊന്നായി രംഗത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ ലുലു ഹയാത്ത് ഓഡിറ്റോറിയത്തിൽ സ്റ്റെയ്പ് –-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതിർന്നവരായ നമ്മുടെയെല്ലാം കുട്ടിക്കാലം സ്വതന്ത്രമായിരുന്നു. ശുദ്ധവും അപകടരഹിതവുമായ സമൂഹത്തിലാണ് നമ്മുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. വിജ്ഞാനപ്രദമായ ഒരു സമൂഹത്തെ പിന്നോട്ടടിപ്പിക്കുകയാണ് മയക്കുമരുന്ന് ലോബികൾ ചെയ്യുന്നത്. ഇതിനെതിരെ സർക്കാർ കൂടുതൽ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കണം. നാളെയുടെ മുഖങ്ങളിലും ഭാവിതലമുറയിലും പൂർണവിശ്വാസമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.