തൃശൂർ > സ്റ്റെയ്പ്–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനവും ദേശാഭിമാനി സാഹിത്യ പുരസ്കാര സമർപ്പണവും ആഘോഷപൂർണമായ അന്തരീക്ഷത്തിൽ നടന്നു.
തൃശൂർ ലുലു ഹയാത്ത് കൺവൻഷൻ സെന്ററിൽ നടന്ന മെഗാ ഇവന്റ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. അക്ഷരമുറ്റം ഗുഡ്വിൽ അംബാസഡർ മോഹൻലാൽ മുഖ്യാതിഥിയായി. വിജയികൾക്ക് പുരസ്കാരങ്ങളും മോഹൻലാൽ സമ്മാനിച്ചു. ഈ വർഷത്തെ ദേശാഭിമാനി സാഹിത്യ പുരസ്കാരം പ്രൊഫ. എം കെ സാനുവിന് എം വി ഗോവിന്ദൻ സമ്മാനിച്ചു. രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
ക്വിസിൽ ഒന്നാംസ്ഥാനം നേടിയ ടീമിന് രണ്ടുലക്ഷം രൂപയും രണ്ടാംസ്ഥാനം നേടിയ ടീമിന് ഒരുലക്ഷം രൂപയുമാണ് സമ്മാനം. കഥ, കവിതയിൽ ഒന്നാംസ്ഥാനം 50,000 രൂപയും രണ്ടാംസ്ഥാനം 25,000 രൂപയുമാണ്.
ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ചടങ്ങിൽ അധ്യക്ഷനായി. മോഹൻലാലിന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പുരസ്കാരം സമ്മാനിച്ചു. സിപി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് സ്വാഗതം പറഞ്ഞു.