ബദിയടുക്ക > യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത ബന്ധുവായ യുവാവിനെ കുത്തിക്കൊന്നു. മധൂർ അറന്തോടിലെ സന്ദീപ് (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കെഎസ്ഇബി കരാർ ജോലിക്കാരനായ പവൻ രാജിനെ (22) പൊലീസ് പിടികൂടി. ഞായർ വൈകിട്ട് മൂന്നരയോടെ എൻമകജെ കജംപാടിയിലാണ് സംഭവം.
സന്ദീപിന്റെ ഇളയമ്മയുടെ മകളെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്. ഞായറാഴ്ച സന്ദീപും യുവതിയുടെ സഹോദരനും ബൈക്കിൽ വരുന്നതിനിടെ തടഞ്ഞുനിർത്തി സന്ദീപിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആദ്യം കാസർകോട്ടെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. കഴുത്തിന്റെ ഇരുവശത്തുമായി രണ്ട് മുറിവുണ്ടെന്ന് പൊലീസ് പറഞ്ഞു.
സഞ്ജീവ–- സുമതി ദമ്പതികളുടെ മകനാണ് മരിച്ച സന്ദീപ്. സഹോദരങ്ങൾ: സതീഷ്, ലതീഷ്, സന്തോഷ്, സജിത.