തിരുവനന്തപുരം> കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തിയില്ലെന്ന കണ്ടുപിടിത്തവുമായി മാതൃഭുമി. ഞായറാഴ്ച ലീഡ് വാർത്തയിലാണ് പത്രം പച്ചക്കള്ളം അച്ചടിച്ചത്. ഞായറാഴ്ച്ചത്തെ പ്രധാനവാർത്തയിൽ വന്ന കള്ളം തിങ്കളാഴ്ച്ചയും പത്രം തിരിത്തിയിട്ടില്ല.
ജനുവരി 23നാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. “നയപ്രഖ്യാപനം ഇന്ന്; നിയമസഭ ചേരുന്നത് 33 ദിവസം’, “ഗവർണറുടെ നയപ്രഖ്യാപനം: വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് ഗവർണർ’, “നയപ്രഖ്യാപന പ്രസംഗം പൂർണമായും വായിച്ച് ഗവർണർ രാജ്ഭവനിലേക്ക് മടങ്ങി’ എന്നിങ്ങനെ വാർത്തകൾ നൽകിയ അതേ മാധ്യമം തന്നെയാണ് മാസങ്ങൾ കഴിഞ്ഞപ്പോൾ സ്വന്തം വാർത്തയെ തള്ളിപ്പറഞ്ഞത്.
കള്ളവാർത്ത പ്രചരിപ്പിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഓൺലൈനിൽ പോലും തിരുത്താൻ തയ്യാറായില്ല. വായനക്കാരെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്ന് വ്യക്തം.