മേലാറ്റൂര് > സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എടപ്പറ്റ സ്വദേശിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ സംഘത്തെ മേലാറ്റൂര് പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പറ്റ ഏപ്പിക്കാട് കുണ്ടം ചോലയിലെ പാറമ്മല് മുഹമ്മദാലി (41)യെ തട്ടി കൊണ്ടുപോയ കേസില് പോരൂര് തൊടികപ്പുലം സ്വദേശി പുല്ലാണിപ്പൂങ്കയില് ഷാ മസൂദ് (35), ആലപ്പുഴ തൃക്കുന്നുപുഴ സ്വദേശികളായ മംഗലം മാധവ മന്ദിരത്തിലെ നിര്മ്മല് മാധവ് (32), പതിയാങ്ങര അനീസ് മന്സിലിലെ അനീസ് വഹാബ് (33), വെള്ളയൂര് തൊടികപ്പുലം നീലങ്ങാടന് ജാഫര് (42), മുട്ടത്തില് ഉണ്ണി ജമാല് (33 ) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ നിര്ദ്ദേശത്തെ തുടര്ന്ന് മേലാറ്റൂര് സ്റ്റേഷന് ഹൗസ് ഓഫീസര് കെആര് രഞ്ജിത്തും സംഘവും തന്ത്രപരമായി വഴിക്കടവ് ചുരത്തില് നിന്നാണ് ഇവരെ പിടികൂടിയത്. പണമിടപാടുമായി ബന്ധപ്പെട്ട് ശനിയാഴ്ച പകല് 2.30-ഓടെ മുഹമ്മദാലിയെ വീടിന് മുന്പില് നിന്നും ബലമായി വാഹനത്തില് കയറ്റി ഗൂഢല്ലൂരിലേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു പൊലീസ് പറഞ്ഞു. സഹോദരന് കുഞ്ഞുമൊയ്തീന് നല്കിയ പരാതിയിലാണ് കേസ്.
അറസ്റ്റിലായ പ്രതികള് മലപ്പുറം, ആലപ്പുഴ ജില്ലകളിലെ സ്റ്റേഷനിലുകളില് കേസുകളില് ഉള്പ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്മണ്ണ കോടതില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു. പൂക്കോട്ടുംപാടം എസ്ഐ തോമസ്, പൊലീസ് ഉദ്യോഗസ്ഥരായ ലിതിഷ്, സര്ജസ്, വിഷ്ണു, മേലാറ്റൂര് സ്റ്റേഷനിലെ സുഭാഷ്, ചന്ദ്രദാസ് ,സുരേന്ദ്ര ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.















