ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറുടെ പ്രസ്താവന വീരപ്പന് കാട്ടുകൊള്ളയ്ക്കെതിരെ പറയുന്നതിലും ഭീകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു. യുപിയില്‍ 48 മാധ്യമപ്രവര്‍ത്തകരാണ് അക്രമത്തിന് ഇരയായത്. 12 പേര് കൊല്ലപ്പെട്ടു. കേരളത്തില്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന് തടസമില്ലെന്നും മന്ത്രി റിയാസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
റിയാസിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം
‘കേരളത്തില്‍ മാധ്യമ വേട്ടയെന്ന പ്രകാശ് ജാവദേക്കറുടെ പരാമര്‍ശം വീരപ്പന് കാട്ടു കൊള്ളക്കെതിരെ പറയുന്നതിനേക്കാള്‍ ഭീകരം’
-പി.എ.മുഹമ്മദ് റിയാസ്-
കേരളത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു.
കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷമാണ് സിബിഐ, ഇഡി, ആദായ നികുതി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് റെയ്ഡുകള്‍ നടത്തി മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള രീതി ഏറ്റവും വ്യാപകമായത്.കോവിഡ് കാലത്ത് രണ്ടാം തരംഗമുണ്ടായവേളയില്‍ ഗംഗാനദിയിലൂടെ ശവങ്ങള് ഒഴുകി നടന്നപ്പോള്‍ അതേക്കുറിച്ചുള്ള ചിത്രം പ്രധാന ഹിന്ദി പത്രമായ ദൈനിക് ഭാസ്കര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ ഇഡി ദൈനിക് ഭാസ്കറിന്റെ ഓഫീസിലെത്തി.
സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വെബ്പോര്‍ട്ടലായ ‘ന്യൂസ്ക്ലിക്കി’ന്റെ ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ വീടും ഓഫീസും ഇഡി റെയ്ഡ് ചെയ്യുകയുണ്ടായി. 114 മണിക്കൂറാണ് അദ്ദേഹത്തിന്റെ വീട്ടിലെ റെയ്ഡ് നീണ്ടത്.ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രക്ഷണം ചെയ്തതിനാണ് ബിബിസി ഓഫീസില്‍ റെയ്ഡ് നടന്നത്
മാധ്യമങ്ങള്‍ക്ക് താല്‍ക്കാലികമായി പ്രസിദ്ധീകരണ, പ്രക്ഷേപണ അനുമതി നിഷേധിച്ച് അവരെ വരുതിയിലാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന മറ്റൊരു രീതി.
പുല്‍വാമ ആക്രമണത്തില്‍ സര്‍ക്കാറിന്റെ വീഴ്ചകളെക്കുറിച്ച് പറഞ്ഞ എന്‍.ഡി.ടി.വിക്ക് നേരെ ഉണ്ടായ ഇടപെടലുകള്‍ നമുക്കറിയാം.
വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും പലവിധത്തിലും പീഡിപ്പിക്കുകയും ചെയ്യുക എന്നിവയാണ് മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മറ്റൊരു മാര്‍ഗം. ഹാഥ്റാസില് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളിയായ പത്രപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്, അള്‍ട്ട്ന്യൂസിന്റെ സ്ഥാപകരിലൊരാളായ മുഹമ്മദ് സുബൈര്‍, കമ്യൂണലിസം കോമ്പാറ്റിന്റെ എഡിറ്റര്‍ ടീസ്ത സെതല്‍വാദ്, കശ്മീരിലെ മനന്‍ ഗുല്‍സാര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ദി വയറിന്റെ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്, കാരവന്റെ മുന്‍ എഡിറ്ററും മലയാളിയുമായ വിനോദ് കെ ജോസ്, റാണാഅയൂബ് തുടങ്ങി നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.BJP ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ 12 പത്ര പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പത്രപ്രവര്‍ത്തകര്‍ക്ക് നേരേ ശാരീരിക ആക്രമണങ്ങള്‍ ഉണ്ടായ സംഭവങ്ങള്‍ 48. പത്രപ്രവര്‍ത്തകര്‍ക്കു നേരേ ചുമത്തിയ ക്രിമിനല്‍ കേസുകളുടെ എണ്ണം 138.
ആഗോള പത്ര സ്വാതന്ത്ര്യ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം 161 ആണ്. താലിബാന് ഭരണം നടക്കുന്ന അഫ്ഗാനിസ്ഥാന് പോലും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്.
ഇത്രയെല്ലാം വസ്തുതകളുടെ മുഖത്തു നോക്കി പ്രകാശ് ജാവദേക്കര്‍ കേരളത്തില്‍ മാധ്യമ വേട്ടയെന്ന് പ്രസ്താവിക്കുന്നത് വീരപ്പന് കാട്ടുക്കൊള്ളയ്ക്കെതിരെ പ്രസംഗിക്കുന്നതിനേക്കാള്‍ ഭീകരമാണ്.