കൊച്ചി
അനാചാരവും അന്ധകാരവും നിറഞ്ഞ പഴയകാല ആശയങ്ങളെ തിരികെ കൊണ്ടുവരാനുള്ള ഒളി അജൻഡയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖയിലുള്ളതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. ജനകീയ വിദ്യാഭ്യാസസമിതി കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന ജനകീയ വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമാണ് കേന്ദ്രസർക്കാർ പുനരാവിഷ്കരിക്കുന്നത്. അസമത്വവും അന്ധവിശ്വാസങ്ങളും നിറഞ്ഞ നയസമീപനമാണ് നയരേഖയിലുള്ളത്. മതനിരപേക്ഷതയെ ഭാരമായാണ് കാണുന്നത്. എൻസിഇആർടി പാഠപുസ്തകങ്ങളിൽ മുഗൾരാജവംശത്തിന്റെ ഭരണകാലം തമസ്കരിക്കുന്നു. നഗരങ്ങളിൽനിന്നും നിർമിതികളിൽനിന്നും മുസ്ലിം നാമങ്ങൾ തുടച്ചുമാറ്റുന്നു. സംവരണത്തെക്കുറിച്ച് നയരേഖയിൽ മിണ്ടാത്തത് കുറ്റകരമായ അനാസ്ഥയാണ്. മനുസ്മൃതിയാണ് ഏറ്റവും ഉദാത്തമായ പുസ്തകമെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം.
ലാഭകരമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടിയും കോളേജുകളെ ഓട്ടോണമസാക്കിയും വിദൂരഗ്രാമങ്ങളിലെ കുട്ടികളുടെ പഠനസാധ്യതകൾ ഇല്ലാതാക്കുകയാണ് കേന്ദ്രം. കോളേജുകളുടെ അഫിലിയേഷൻ ഇല്ലാതാക്കാൻ സംസ്ഥാനങ്ങൾക്കുമേലും സമ്മർദം ചെലുത്തുന്നു.
കിഫ്ബി, റൂസ തുടങ്ങിയ ഫണ്ടുകൾ പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാർ വിദ്യാഭ്യാസമേഖലയെ പുരോഗതിയിലേക്ക് നയിക്കുകയാണ്. ശക്തമായി ഇടപെട്ട് പൊതുവിദ്യാഭ്യാസമേഖലയെ അക്കാദമികമായും അടിസ്ഥാനപരമായും മികവുറ്റതാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.ഡോ. കെ ജി പൗലോസ് അധ്യക്ഷനായി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, ഡോ. എം എസ് മുരളി, ഡോ. എ യു അരുൺ, ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ, ജോൺ ഫെർണാണ്ടസ്, പുഷ്പ ദാസ്, കെ എസ് അരുൺകുമാർ, എം എം മത്തായി, ഡാൽമിയ തങ്കപ്പൻ, എ ആർ രഞ്ജിത്, ഹരിലാൽ, അർജുൻ ബാബു, ജോഷി ഡോൺബോസ്കോ, മായാകൃഷ്ണൻ, ഏലിയാസ് മാത്യു എന്നിവർ സംസാരിച്ചു.