തിയറ്ററുകളിൽ ആളില്ലാത്തതിനാൽ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ആദിപുരുഷ് ചിത്രത്തിന്റെ നിർമാതാക്കൾ. റിലീസ് ചെയ്ത് ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ ബോക്സ് ഓഫീസ് കളക്ഷനിൽ വൻ ഇടിവാണ് ചിത്രം നേരിടുന്നത്. ഈ സാഹചര്യത്തിലാണ് നിർമാതാക്കൾ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചത്. തീയേറ്ററുകളിൽ ഇന്നും നാളെയും 150 രൂപ നിരക്കില്‍ ചിത്രം കാണാമെന്നാണ് നിർമാതാക്കളുടെ പ്രഖ്യാപനം. വിവാദ ഡയലോഗുകൾ തിരുത്തിയെന്നും കുടുംബങ്ങളെ തീയേറ്ററിലേക്ക് ക്ഷണിക്കുന്നുവെന്നും പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററും പുറത്തുവിട്ടു.
ഓം റൗട്ട് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം 500 കോടി രൂപ ബജറ്റിലാണ് നിർമിച്ചത്. റിലീസ് ചെയ്ത് ആദ്യദിനം ഭേദപ്പെട്ട കളക്ഷൻ നേടിയെങ്കിലും പിന്നീട് തിരിച്ചടി നേരിടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സിനിമയ്ക്കെതിരെ ധാരാളം ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. സിനിമയിലെ ഡയലോഗുകൾക്കെതിരെയും വിമർശനങ്ങളുണ്ടായി.