കൊച്ചി> കണ്ണൂർ സർവകലാശാലയിൽ അസോസിയറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിക്കാനുള്ള ശുപാർശ ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് റദ്ദാക്കിയത് സർക്കാരിനും സിപിഐ എമ്മിനും അടിയും തിരിച്ചടിയും ഒക്കെയായി വ്യാഖ്യാനിച്ച് മണിക്കുർ നീണ്ട അധിക്ഷേപ ചർച്ച നടത്തിയ ചാനലുകൾക്ക് ആ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയപ്പോൾ പ്രിയക്ക് മാത്രം ആശ്വാസമാകുന്ന ഉത്തരവായി.
കഴിഞ്ഞ നവംബറിൽ സിംഗിൾ ബെഞ്ച് വിധി വന്നതിനെ തുടർന്ന് ചാനലുകളിൽ ദിവസങ്ങൾ നീണ്ട ചർച്ചയായിരുന്നു. ഓരോദിവസത്തെയും ചർച്ചാ തലക്കെട്ടുകൾ തന്നെ സിപിഐ എമ്മിനെയും പ്രിയയെയും ആക്രമിക്കുന്ന വിധത്തിലായിരുന്നു. പത്രങ്ങൾ ആകട്ടെ ഫുൾപേജിൽ പ്രിയ മാത്രമായിരുന്നു വിഷയം. സർക്കാരിനും സിപിഐ എമ്മിനും മുഖ്യമന്ത്രിയുടെ ഓഫീസിനും വരെ തിരിച്ചടിയായി വിധിയെന്നായിരുന്നു വ്യാഖ്യാനം. എല്ലാവരും പ്രിയ വർഗീസിനെ അവഹേളിക്കുന്ന കാർട്ടൂണുകളും നിരത്തി.
കോളേജിൽ എൻഎസ്എസിന്റെ ചുമതല വഹിച്ച പ്രിയയെ കുഴിവെട്ടുകാരിയായി ചിത്രീകരിച്ച ജ. ദേവൻ രാമചന്ദ്രന്റെ പരാമർശം നാലുകോളത്തിൽ ഒന്നാം പേജ് വാർത്തയാക്കാനും മലയാള മനോരമ മറന്നില്ല. എന്നാൽ വ്യാഴാഴ്ച്ച സിംഗിൾ ബെഞ്ച് വിധി പൂർണ്ണമായും തെറ്റെന്ന് കണ്ടെത്തി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയപ്പോൾ നാല് പ്രധാന ചാനലുകൾ നൽകിയത് ഒരേ തലക്കെട്ടാണ്: ‘പ്രിയ വർഗീസിന് ആശ്വാസം’ എന്ന് . പഴയ വാർത്തകൾ ഓർമ്മിപ്പിച്ച് മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഏറെപ്പേർ എത്തി.
ഡിവിഷൻ ബെഞ്ച് വിധിയിൽ മാധ്യമങ്ങളുടെ ഈ പ്രവണതയെ കൂടി വിമർശിക്കുന്നുണ്ട്. കേസ് പരിഗണിക്കുന്ന വേളയിൽ ജഡ്ജിമാരുടെ വാക്കാലുള്ള പരാമർശങ്ങൾ എടുത്ത് അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തി മാധ്യമങ്ങൾ കക്ഷികളുടെ മാന്യതയ്ക്കും യശസ്സിനും ഉണ്ടാക്കുന്ന ആഘാതം കാണാതിരിയ്ക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. കേസ് ജയിച്ചാൽ പോലും ഇതിന്റെ ദോഷം മാറില്ലെന്ന് വിധി ഓർമ്മിപ്പിക്കുന്നു.