മൂലമറ്റം> ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി. ജലനിരപ്പ് 14 ശതമാനത്തിൽ എത്തിയതോടെയാണ് രണ്ടായിരത്തിലേറെ കുടുംബങ്ങൾ അധിവസിച്ചിരുന്ന വൈരമണി ഗ്രാമം തെളിഞ്ഞത്. അക്കാലത്തെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു വൈരമണി. അണക്കെട്ട് പൂർത്തിയായതോടെയാണ് അറക്കുളം പഞ്ചായത്തിലെ ഈ ഗ്രാമം വെള്ളത്തിൽ മറഞ്ഞത്.
സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, മന്ന, കയനാട്ടുപാറ, വേങ്ങാനം, പുരുളി, കടാവർ, മുത്തിക്കണ്ടം, നടയ്ക്കവയൽ ഗ്രാമങ്ങളുടെ വാണിജ്യകേന്ദ്രമായിരുന്നു വൈരമണി. കുളമാവിൽനിന്നു കട്ടപ്പനയ്ക്ക് പോകുന്നവരുടെ ഇടത്താവളവുമായിരുന്നു. തൊടുപുഴയിൽനിന്ന് കൂപ്പ്റോഡിലൂടെ എത്തിയിരുന്ന വാഹനങ്ങൾ കുളമാവ് വനത്തിലൂടെ വൈരമണി വഴിയാണ് കട്ടപ്പനയിലേക്കു പോയിരുന്നത്. 1974ൽ ഇടുക്കി ഡാമിന്റെ റിസർവോയറിൽ വെള്ളം നിറച്ചപ്പോഴാണ് വൈരമണി വിസ്മൃതിയിലായത്. അണക്കെട്ട് നിർമാണത്തിനായി പ്രദേശത്തെ കുടുംബങ്ങളെ മറ്റിടങ്ങളിലേക്ക് കുടിയിരുത്തി. ഒരു കുടുംബത്തിന് മൂന്നേക്കർ വീതം സ്ഥലമാണ് നൽകിയത്.
വൈരമണിയിലെത്താൻ കുളമാവിൽനിന്ന് റിസർവോയറിലൂടെ മുക്കാൽ മണിക്കൂർ വള്ളത്തിൽ സഞ്ചരിക്കണം. ഇപ്പോൾ ശേഷിക്കുന്നത് വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ മാത്രം. നൂറു വർഷത്തിലധികം പഴക്കമുള്ള സെന്റ് തോമസ് പള്ളി, വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ജലനിരപ്പ് താഴ്ന്നതിനാൽ പ്രത്യക്ഷമായി.