കൊൽക്കത്ത
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മറ്റ് പാർടികൾ പത്രികനൽകുന്നത് മുടക്കാൻ തൃണമൂൽ കോൺഗ്രസുകാർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ സിപിഐ എം പ്രവർത്തകൻ മരിച്ചു. ജാൽപ്പായ്ഗൂരി ജില്ലയിലെ ചൊപ്പടയിൽ നടന്ന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന മൻസൂർ ആലം (21) ആണ് മരിച്ചത്.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഐ എം പ്രവർത്തകരുടെ എണ്ണം മൂന്നായി.
സിലിഗുരി പാർടി ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്ന മൃതദേഹത്തിൽ ജില്ലാ സെക്രട്ടറി സുമൻ പഥക്ക് ഉൾപ്പെടെ മുതിർന്ന നേതാക്കൾ ആദരാഞ്ജലിയർപ്പിച്ചു.എല്ലാ ജില്ലകളിലും തൃണമൂൽ തേർവാഴ്ച തുടരുകയാണ്. അക്രമം ചെറുത്ത് നാമനിർദേശ പത്രിക സമർപ്പിച്ച പ്രതിപക്ഷ സ്ഥാനാർഥികളെ പിൻവലിപ്പിക്കാൻ വൻതോതിൽ ആക്രമണം നടത്തി. പല സ്ഥാനാർഥികളെയും തട്ടിക്കൊണ്ടുപോയി പത്രിക പിൻവലിക്കാനുള്ള അപേക്ഷകളിൽ ഒപ്പിടീച്ചു.
അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഇടതു മുന്നണി പ്രകടന പത്രിക ബുധനാഴ്ച പ്രസിദ്ധീകരിച്ചു. തൃണമൂലിനെയും ബിജെപിയെയും പരാജപ്പെടുത്തുക, അക്രമവും കൊള്ളയടിയും അവസാനിപ്പിച്ച് ജനകീയ പഞ്ചായത്തുകൾ രൂപീകരിക്കുക എന്നിവയാണ് ഇടതു മുന്നണിയുടെ മുഖ്യ അജൻഡ.