ബീജിങ്
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നടപടി അതിവിചിത്രവും നിരുത്തരവാദപരവുമെന്ന് ചൈന. ബൈഡന്റെ പരാമർശം തികച്ചും അവാസ്തവവും അന്താരാഷ്ട്ര നയതന്ത്ര പെരുമാറ്റച്ചട്ടത്തിന് വിരുദ്ധവും ചൈനയുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും ചൈനീസ് വിദേശവക്താവ് മാവോ നിങ് പറഞ്ഞു.
കലിഫോർണിയയിൽ പരിപാടിയിൽ പങ്കെടുക്കവെ, കിഴക്കൻ തീരത്തിനു മുകളിൽ ചൈനീസ് ബലൂൺ അമേരിക്കൻ വ്യോമസേന വെടിവച്ചിട്ടതിനെപ്പറ്റി സംസാരിക്കുകയായിരുന്നു ബൈഡൻ. ‘ഏതൊരു ഏകാധിപതിയെയുംപോലെ, ഷിക്കും സംഭവം നാണക്കേടായി’ എന്നായിരുന്നു പരാമർശം.
ഇരു രാജ്യവും തമ്മിലുള്ള സംഘർഷത്തിൽ അയവുവരുത്താൻ എന്ന പേരിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് സന്ദർശനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയുള്ള ബൈഡന്റെ പ്രകോപനപരമായ പരാമർശമാണ് ചൈനയെ ചൊടിപ്പിച്ചത്. ‘കാലാവസ്ഥാ നിരീക്ഷണത്തിനായുള്ള ബലൂൺ നിയന്ത്രണം വിട്ട് അമേരിക്കൻ വ്യോമമേഖലയിൽ പ്രവേശിച്ചതാണെന്ന് നേരത്തേതന്നെ വ്യക്തമായതാണ്. എന്നാൽ, അമേരിക്ക തുടർന്നും സംഭവത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ്’–- മാവോ നിങ് പറഞ്ഞു.