ന്യൂഡൽഹി
കലാപം തുടരുന്ന മണിപ്പുരിൽ സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടി. ജൂലൈ ഒന്നിന് സ്കൂളുകൾ തുറന്നാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. നേരത്തെ, എട്ടുവരെയുള്ള ക്ലാസിൽ ബുധനാഴ്ച അധ്യയനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. പതിനായിരക്കണക്കിന് കുടുംബങ്ങൾ അഭയാർഥികളായി തുടരുകയും സൈനികർക്ക് നേരെ അടക്കം ആക്രമണങ്ങളുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഇതിനിടെ, മണിപ്പുരിൽനിന്ന് പലായനം ചെയ്ത കുടുംബങ്ങളിലെ 1,500 കുട്ടികൾ മിസോറമിലെ സ്കൂളുകളിൽ ചേർന്നതായി വിദ്യാഭ്യാസ ഡയറക്ടർ ലാൽസംഗ്ലീന അറിയിച്ചു. മതിയായ രേഖകളുടെ അഭാവത്തിലും കുട്ടികൾക്ക് പ്രവേശനം നൽകാൻ മിസോറം സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മണിപ്പുർ അഭയാർഥികളുടെ സംരക്ഷണച്ചെലവിന് മിസോറം കേന്ദ്രസർക്കാരിനോട് 10 കോടി ആവശ്യപ്പെടും. ആഭ്യന്തര അഭയാർഥിപ്രശ്നം കൈകാര്യം ചെയ്യുന്ന സമിതിയാണ് തീരുമാനമെടുത്തത്. 12,000ന് അടുത്ത് മണിപ്പുരികൾ മിസോറമിൽ അഭയം തേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 85 പേർ കൂടി എത്തി.
26ന് എസ്എഫ്ഐ
ഐക്യദാർഢ്യ ദിനാചരണം
|
ന്യൂഡൽഹി
മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 26ന് അഖിലേന്ത്യ അടിസ്ഥാനത്തിൽ ഐക്യദാർഢ്യദിനം ആചരിക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു. ബിജെപിയും അവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര–-സംസ്ഥാന സർക്കാരുകളും പിന്തുടരുന്ന ഭിന്നിപ്പിക്കൽ നയങ്ങളാണ് മണിപ്പുരിനെ കലാപഭൂമിയാക്കിയത്. മണിപ്പുരിലെ 10 പ്രതിപക്ഷപാർടികളുടെ പ്രതിനിധിസംഘത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായില്ല.
കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബീരേൻ സിങ് സർക്കാർ രാജിവയ്ക്കുക, കലാപം അവസാനിപ്പിക്കാനും സമുദായങ്ങൾക്കിടയിൽ രൂപംകൊണ്ട സ്പർധ അകറ്റാനും പ്രതിപക്ഷ രാഷ്ട്രീയ പാർടികളുമായി കേന്ദ്രം ചർച്ചയാരംഭിക്കുക എന്നീ ആവശ്യങ്ങളും ഉയർത്തിയാണ് ഐക്യദാർഢ്യ ദിനാചരണമെന്ന് എസ്എഫ്ഐ പ്രസിഡന്റ് വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.