കൊച്ചി
“ജാനകീ ജാനേ….’ മലയാളികളുടെ പ്രിയപ്പെട്ട സുശീലാമ്മ പാടിത്തുടങ്ങിയപ്പോൾ സദസ്സൊന്നാകെ നിശബ്ദമായി കാതോർത്തു. “കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന…’ അടുത്ത പാട്ടിലേക്ക് കടന്നതും സദസ്സിന്റെ സ്നേഹം കൈയടിയായി പുറത്തുവന്നതോടെ ഇനിയും പാടാൻ തോന്നുന്നുവെന്ന് പറഞ്ഞ് ചിരിച്ചു. പ്രിയതമാ.., അമ്പാടിപ്പൂങ്കുയിലേ.., കണ്ണുതുറക്കാത്ത ദൈവങ്ങളേ… തുടങ്ങി മലയാളം നെഞ്ചേറ്റിയ ഈണങ്ങൾ സുശീലാമ്മ വീണ്ടും പാടി.
വരികൾ മറന്ന് നിർത്തിയപ്പോൾ ഒപ്പമുള്ളവർ ഏറ്റുപാടി. 87–-ാംവയസ്സിലും പാട്ടിൽനിന്ന് സുശീലാമ്മ ചെറുപ്പമാണെന്ന് ഓർമിപ്പിക്കുകയായിരുന്നു ലോക സംഗീതദിനത്തിൽ സെന്റ് തെരേസാസ് കോളേജും യുണൈറ്റഡ് കൾച്ചറൽ ഓർഗനൈസേഷനും (യുണികോ) സംഘടിപ്പിച്ച പരിപാടി. സംഗീതദിനത്തിൽ കേരളത്തിന്റെ സ്നേഹാദരങ്ങളേറ്റുവാങ്ങാൻ കഴിഞ്ഞതിലുള്ള സന്തോഷം പി സുശീല പങ്കുവച്ചു. അന്താരാഷ്ട്ര യോഗ ദിനവും സംഗീതദിനാഘോഷവും സംയുക്തമായാണ് സംഘടിപ്പിച്ചത്. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് കൾച്ചറൽ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പ്രസാദ് ലാലാജി അധ്യക്ഷനായി.
പി സുശീലയെ ചടങ്ങിൽ ആദരിച്ചു. തിരക്കഥാകൃത്ത് ഹേമന്ദ്കുമാർ, സംവിധായകൻ രാജീവ് ഇരുളം എന്നിവരും ആദരം ഏറ്റുവാങ്ങി. സംവിധായകൻ മേജർ രവി, ജോസഫ് കുറ്റിക്കാട്ട്, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൺസ വിജയ ജോസഫ്, ഡോ. സി എ മേരി ലിയ എന്നിവർ സംസാരിച്ചു. കോളേജിലെ മ്യൂസിക് ക്ലബിന്റെ സംഗീതപരിപാടിയും നടന്നു.