തിരുവനന്തപുരം > സംസ്ഥാന ഹൈഡ്രോഗ്രഫിക് സർവെ വിഭാഗം രൂപം നൽകിയ ജലനേത്ര ഡിജിറ്റൽ ഭൂപടം ജലാശയ പര്യവേഷണ രംഗത്തു വലിയ കുതിപ്പുണ്ടാക്കുമെന്നു ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ലോക ഹൈഡ്രോഗ്രഫി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
ജലാശയങ്ങളുടെ അടിത്തട്ടിന്റെ സ്വഭാവം, പരിസ്ഥിതി, അടിയൊഴുക്ക്, തീരശോഷണം, മലിനീകരണം തുടങ്ങിയവ നേരിട്ടു മനസിലാക്കാൻ ജലനേത്ര ഡിജിറ്റൽ ഭൂപടത്തിലൂടെ കഴിയും. കടൽത്തീരത്തിന്റെയും നദിയുടെയും തടാകത്തിന്റെയും തുടങ്ങി അനുബന്ധ ജലാശയങ്ങളുടേത് ഉൾപ്പെടെയുള്ളവയുടെ അടിത്തട്ടിന്റെ നേർച്ചിത്രമാണു ജലനേത്രയിലൂടെ ലഭിക്കുക. ഇത്തരത്തിലൊരു സമ്പൂർണ മാപ്പിങ് രാജ്യത്തുതന്നെ ആദ്യമാണ്. ഉൾനാടൻ ജലാശയങ്ങളേയും സമുദ്ര തീരങ്ങളേയും പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുകയാണ്. ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനം, പ്രളയം, സമുദ്രോപരിതല ജലത്തിന്റെ ഉയർച്ച, തീരശോഷണം തുടങ്ങിയ പ്രതിസന്ധികളെ ഫലപ്രദമായി നേരിടേണ്ടതായുണ്ട്. ജലനേത്രയുടെ ഭാഗമായി ശേഖരിച്ച ഡാറ്റകൾ ഈ രംഗത്തു ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ പ്രവർത്തനം പൂർണമായി ഡിജിറ്റലാകുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മന്ത്രി ആന്റണി രാജു അധ്യക്ഷനായി. എംഎൽഎമാരായ വി കെ പ്രശാന്ത്, പി നന്ദകുമാർ, മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, സംസ്ഥാന കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി ഐ ഷെയ്ക് പരീത്, ചീഫ് ഹൈഡ്രോഗ്രാഫർ വി ജിറോഷ് കുമാർ എന്നിവർ സംസാരിച്ചു.