കൊച്ചി> സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഇതുവരെ 1.50 കോടിയുടെ വിദേശ കറൻസി പിടിച്ചെടുത്തു. 15 രാജ്യങ്ങളുടേതാണിത്. വിദേശ കറൻസി കൈമാറ്റത്തിലൂടെ സമാഹരിച്ച 1.40 കോടി രൂപയും കണ്ടെടുത്തു. അമ്പതിലേറെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ബുധൻ രാത്രി വൈകിയും പരിശോധന തുടരുകയാണ്.
തിങ്കളാഴ്ചയാണ് കൊല്ലംമുതൽ മലപ്പുറംവരെയുള്ള ജില്ലകളിൽ ഇഡി പരിശോധന ആരംഭിച്ചത്. ഫോറിൻ എക്സ്ചേഞ്ച്, ഗിഫ്റ്റ് ഷോപ്പുകൾ, ടെക്സ്റ്റൈൽ, ജ്വല്ലറി, റെഡിമെയ്ഡ് ഗാർമെന്റ്സ് എന്നിവയുടെ മറവിൽ ഹവാല ഇടപാടുകൾ നടക്കുന്നതായുള്ള ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ഫോണുകളിലെ വാട്സാപ് സന്ദേശങ്ങൾ, വോയ്സ് ക്ലിപ് എന്നിവയിലൂടെ ഇടപാടുകൾ, പ്രവർത്തനരീതി എന്നിവയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചു. പിടിച്ചെടുത്ത മൊബൈൽഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വിശദ പരിശോധനയ്ക്ക് ഫോറൻസിക് വിദഗ്ധർക്ക് കൈമാറി. നശിപ്പിച്ചത് അടക്കമുള്ള ഡാറ്റകൾ തിരിച്ചെടുക്കാനാണിത്.
സുരേഷ് ഫോറെക്സ്, ഏറ്റുമാനൂർ ഫോറെക്സ്, ദുബായ് ഫോറെക്സ്, സംഗീത ഫോറിൻ എക്സ്ചേഞ്ച്, ക്രസന്റ് ട്രേഡിങ്, ഹന ട്രേഡിങ്, ഫോർനസ് ഫോറെക്സ് എന്നിവയാണ് ഹവാല ശൃംഖലയിലെ പ്രധാന ഇടങ്ങളെന്ന് ഇഡി വ്യക്തമാക്കി. അനധികൃതമായി വിദേശനാണ്യ വിനിമയം നടത്തുന്നതായി സ്ഥാപന നടത്തിപ്പുകാർ സമ്മതിച്ചു. സംസ്ഥാനത്ത് നൽകുന്ന പണം ക്യാനഡ, യുഎസ്എ, ദുബായ് എന്നിവിടങ്ങളിൽ അനധികൃതമായി ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കിയതായും കണ്ടെത്തി.