എടപ്പാൾ> തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴുത്തും കോഴിക്കൂടും നിർമാണത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് ലീഗ് പഞ്ചായത്ത് അംഗങ്ങൾ കുറ്റക്കാർ. വട്ടംകുളം പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം എം വി ഹസൈനാർ, പത്താംവാർഡ് അംഗം ഫസീല സജീബ് എന്നിവരെയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്സ്മാൻ സി അബ്ദുൾ റഷീദ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2022–-23 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്താം വാർഡിന് അനുവദിച്ച തൊഴുത്ത്, കോഴിക്കൂട് എന്നിവ എം വി ഹസൈനാർ തന്റെ വാർഡായ ഒമ്പതിലേക്ക് മാറ്റി സ്വന്തം വീട്ടിലെ തൊഴുത്തും കോഴിക്കൂടും കാണിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. തൊഴുത്ത് നിർമാണത്തിന് അനുവദിച്ച 3,09,335 രൂപയും കോഴിക്കൂടിന് അനുവദിച്ച 1,19,775 രൂപയുമാണ് തട്ടിയത്. ഫസീല തട്ടിപ്പിന് കൂട്ടുനിന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. ആനുകൂല്യം പാസാക്കിയ ഭരണസമിതി യോഗങ്ങളിൽ രണ്ട് അംഗങ്ങളും പങ്കെടുത്തിരുന്നു. പദ്ധതി നിർവഹണത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയും കണ്ടെത്തി.
തുക 60 ദിവസത്തിനകം ഗുണഭോക്താവിൽനിന്ന് ഈടാക്കാനും തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടിലേക്ക് വരവുവയ്ക്കാനും വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിയോട് ഓംബുഡ്സ്മാൻ ഉത്തരവിട്ടു. തുക കിട്ടിയില്ലെങ്കിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാൻ ബ്ലോക്ക് പ്രോഗ്രാം ഓഫീസറോടും ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്ററോടും നിർദേശിച്ചു.
നെല്ലിശേരി സ്വദേശികളായ പടുത്തുകുളങ്ങര മുഹമ്മദ് അഷ്റഫ്, എം കെ മുഹമ്മദ് മുസ്തഫ, ശുകപുരം സ്വദേശി കുറുവളപ്പിൽ കെ വി കോയക്കുട്ടി എന്നിവർ നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ അന്വേഷണം നടത്തിയത്.