തിരുവനന്തപുരം >ആരോഗ്യ വകുപ്പിന്റെ പകർച്ച]പ്പനി പ്രതിരോധ കാമ്പയിനിൽ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണമെന്നും പനി ബാധിതരെ ചികിത്സിക്കാൻ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് .
പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഡോക്ടർമാരുടെ സംഘടനകൾ പൂർണ സഹകരണം ഉറപ്പ് നൽകി.പ്രായമായവർ, കുട്ടികൾ എന്നിവർ ഈ കാലത്ത് മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന് യോഗം വിലയിരുത്തി. എല്ലാ ആശുപത്രികളും കൃത്യമായി രോഗങ്ങളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും യോഗത്തിൽ തീരുമാനമായി. ഐഎംഎ, ഐഎപി, കെഎഫ്ഒജി, കെജിഎംഒഎ, കെജിഒഎ, കെജിഎംസിടിഎ തുടങ്ങിയ സംഘടനകളാണ് പങ്കെടുത്തത്.
പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാർ സ്വകാര്യ ആശുപത്രികൾ ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ തുടങ്ങി എല്ലാ സർക്കാർ, സ്വകാര്യ ഡോക്ടർമാർക്കും ആരോഗ്യ വകുപ്പ് പരിശീലനം നൽകി വരുന്നുണ്ട്. ഏത് സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്യണം എന്ന് നിർദേശവും നൽകുന്നുണ്ട്.ചികിത്സാ പ്രോട്ടോകോൾ നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുമുണ്ട്.
സംഘടനകളിലെ അംഗങ്ങളെ സജ്ജമാക്കുന്നതിനും ശരിയായ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമുള്ള ബോധവത്ക്കരണത്തിൽ പങ്കാളികളാകണം മന്ത്രി കൂട്ടിച്ചേർത്തു.