ജനാധിപത്യ ഭാരതത്തിൽ, പീഡിപ്പിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുറ്റവാളിയായി ചൂണ്ടിക്കാട്ടിയ വ്യക്തി സ്വതന്ത്രനായി വിഹരിച്ചു നടക്കുന്നു. പാർലമെന്ററി സംവിധാനത്തിൽ അംഗങ്ങൾക്കുള്ള പ്രത്യേകാവകാശം സഭക്കുള്ളിൽ മാത്രമാണെന്നിരിക്കെ എങ്ങനെയാണ് ഒരു സാധാരണ പൗരന്റെ അവകാശം മാത്രമുള്ള അയാൾ നിയമത്തിന് അതീതനാവുന്നത്? പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നത്? പരാതിയിൽനിന്ന് പിൻവലിപ്പിക്കുന്നത്? ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. പാർടി തീരുമാനിക്കുംമുമ്പ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ തരത്തിൽ പാർടിയിലും ഭരണസംവിധാനത്തിലും സ്വാധീനമുള്ള ഒരാൾക്ക് ഇതും ഇതിലധികവും സാധിക്കും. പ്രത്യേകിച്ചും പാർടിയുടെ സാമ്പത്തിക സ്രോതസ്സ് ആണ് അയാളെങ്കിൽ.
ജോൺ സാമുവൽ
അതിജീവനത്തിന്റെ വ്യാഖ്യാനങ്ങളിൽ വേറിട്ട് നിൽക്കുന്നു ഒരു ദശകത്തിനപ്പുറം നീണ്ടുനിന്ന ടെന്നീസ് ഇതിഹാസം ആർതർ ആഷേയുടെ എയ്ഡ്സിനെതിരെയുള്ള പോരാട്ടം. ആഷേയുടെ ഗ്രാൻഡ്സ്ലാം പോരാട്ടങ്ങളെക്കാൾ ടെന്നീസ് പ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് തന്റേതല്ലാത്ത കാരണത്താൽ ആ മാരകരോഗത്തിന് കീഴടങ്ങേണ്ടി വന്ന ആഷേ, തന്നെ ഗ്രസിച്ച രോഗത്തിനെതിരെ തൊടുത്തുവിട്ട എയ്സുകളായിരുന്നു.
ദുരന്തത്തെ കരുത്തോടെ നേരിടുകയും, തകർച്ചകളെ നിസ്സാരവൽക്കരിക്കുകയും, നഷ്ടങ്ങളെക്കുറിച്ച് ഖേദിക്കാതെ തലയുയർത്തി നിൽക്കുകയും ചെയ്ത ആഷേയുടെ സ്മരണയ്ക്കായി 1993ലാണ് ‘ആർതർ ആഷേ ധീരതാ പുരസ്കാരം’ നൽകിത്തുടങ്ങിയത്. ക്യാൻസർ രോഗബാധയെ അവഗണിച്ച് കളിക്കളങ്ങളിൽ പൊരുതിമുന്നേറിയ പ്രശസ്ത അമേരിക്കൻ ബാസ്കറ്റ്ബോൾ താരവും പരിശീലകനുമായ ജിം വൾവോനയ്ക്ക് ആയിരുന്നു
ജിം വൾവോന
ആദ്യപുരസ്കാരം. ന്യൂയോർക്ക് മാൻഹട്ടൻ മാഡിസൺ സ്ക്വയറിൽ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ജിം നടത്തിയ പ്രസംഗം കേൾവിക്കാരുടെ കണ്ണുകൾ നനയിച്ചു:
“ശാരീരികമായ എന്റെ കഴിവുകളെ കവർന്നെടുക്കാൻ ക്യാൻസറിന് കഴിഞ്ഞേക്കും, പക്ഷേ എന്റെ മനസ്സിനെത്തൊടാൻ അതിനാവില്ല, എന്റെ ഹൃദയത്തെത്തൊടാൻ അതിന് കഴിയില്ല, എന്റെ ആത്മാവിനെ സ്പർശിക്കാനും അതിനെക്കൊണ്ടാവില്ല. ഇവ മൂന്നുമാകും എന്നെ എന്നെന്നേക്കും നയിക്കുക…”
അവശേഷിച്ച ദിനങ്ങളെ ആഘോഷമാക്കി രണ്ടുമാസം തികയുംമുമ്പ് ജിം ലോകത്തോട് വിട പറഞ്ഞു, ആർതർ ആഷേയെ ഓർമിപ്പിച്ചുകൊണ്ട്. അതിജീവന കഥയുടെ ഉജ്ജ്വലമായ മറ്റൊരേട്. കായിക രംഗത്തെ അതിജീവന കഥകൾക്ക് ഐതിഹാസിക മാനങ്ങളാണുള്ളത്. കൃത്രിമക്കാലിൽ ഓടി ചരിത്രമെഴുതിയവർ.
ആർതർ ആഷേ
അമ്മയായതി നുശേഷം കായികരംഗം വെട്ടിപ്പിടിച്ചവർ. പരിക്കുകളെ തൃണവൽഗണിച്ച് കളിക്കളങ്ങളിൽ പൊരുതിയവർ. ട്രാക്കിൽ കുഴഞ്ഞുവീണിടത്തുനിന്ന് ഫീനിക്സ് പക്ഷികളെപ്പോലെ ഉയിർത്തെണീറ്റ് നാടിനുവേണ്ടി ലോകവേദികളിൽ ചരിത്രമെഴുതിയവർ.
ലൈംഗികാതിക്രമങ്ങൾക്കെതിരെ പൊരുതിയവർ… സ്പോർട്സിനെ ജീവനും ജീവശ്വാസമാക്കിയവരുടെയും കഥകൾ അവസാനിക്കുന്നില്ല. ഇന്ത്യയിലും ഉണ്ട് ഒട്ടേറെ അതിജീവന കായിക കഥകൾ. ക്രിക്കറ്റോ ടെന്നീസോ ഷൂട്ടിങ്ങോ ഒഴിച്ചുനിർത്തിയാൽ സമ്പന്നരുടേതല്ലാത്ത മറ്റ് ഒട്ടുമിക്ക കായിക ഇനങ്ങളിലും അത്തരം കഥകൾക്ക് പഞ്ഞമില്ല.
ഒഴിഞ്ഞ വയറും ഒഴിഞ്ഞ പോക്കറ്റുമായി കായിക വേദികളിലെത്തി കായിക കരുത്ത് കാട്ടിയിട്ടുള്ളവരുടെ കഥകൾകൊണ്ട് സമ്പന്നമാണ് നമ്മുടെ കായിക ചരിത്രവും. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള പട്ടിണിപ്പാവങ്ങളായ കായികതാരങ്ങൾ ലോകം കീഴടക്കിയത് അത്ഭുതത്തോടെയാണല്ലോ കായികപ്രേമികൾ കണ്ടുനിന്നത്. അതിജീവനത്തിന്റെ പ്രാഥമിക പാഠങ്ങളിലൂടെയുള്ള യാത്ര.
ഇന്ത്യയിലും കായിക വസന്തത്തിന് തുടക്കം കുറിച്ചത് അങ്ങനെയാണ്. ഒളിമ്പിക് വേദികളിലേക്ക്, കോമൺവെൽത്ത് ഗെയിംസ് സ്റ്റേഡിയങ്ങളിലേക്ക്, ഏഷ്യൻ ഗെയിംസ് കളിക്കളങ്ങളിലേക്ക് പ്രതീക്ഷയോടെ, ആവേശത്തോടെ നാം കണ്ണുകളയച്ചു. ലോക കായിക വേദികളിൽ ഇന്ത്യൻ പതാക ഉയർന്നപ്പോൾ, ദേശീയ ഗാനത്തിനൊപ്പം നമ്മുടെ ചുണ്ടുകളും ചലിച്ചപ്പോൾ, ജേതാക്കൾ പതക്കങ്ങളിൽ മുത്തംവച്ചപ്പോൾ ഒക്കെ പുത്തൻ കായിക സംസ്കാരമെന്നോ പുത്തൻ കായിക യുഗത്തിന്റെ തുടക്കമെന്നോ വാഴ്ത്തി നാം ആഹ്ലാദിച്ചു.
രാഷ്ട്രീയ അതിപ്രസരത്തെയും, കായിക സംഘടനകളിലെ കിടമത്സരങ്ങളേയും മറ്റ് പ്രതികൂലതകളെയും അതിജീവിച്ച് മത്സരവേദികളിലേക്ക് പോയവരിൽ ചിലരെങ്കിലും സ്വർണവും വെള്ളിയും വെങ്കലവും നേടി മടങ്ങിയെത്തിയപ്പോൾ ചുവപ്പുപരവതാനി വിരിച്ച് നാം അവരെ വരവേറ്റു.
ജന്തർ മന്തറിൽ നിന്നും ഇന്ത്യ ഗേറ്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ മാർച്ച്-ഫോട്ടോ: പി വി സുജിത്
ദേശീയതയുടെ അപ്പോസ്തലന്മാരായി അവരോധിച്ച് അധികാരികൾ അവരെ കിരീടവും ചെങ്കോലുംഅണിയിച്ച് ആദരിച്ചു. രാജ്യത്തിന്റെ പരമോന്നത ബഹുമതികൾ അവരുടെ പേരിനൊപ്പം ചേർക്ക പ്പെട്ടു. ഒരു രാജ്യത്തിന്റെ സ്നേഹംമുഴുവൻ ഉറവയായി അവർക്കു ചുറ്റും ഒഴുക്കി. മറ്റു രാജ്യങ്ങളിലും അങ്ങനെയൊക്കെ തന്നെയായിരുന്നിരിക്കണം കാര്യങ്ങൾ.
എറിൻ ലീ കാർ സംവിധാനം ചെയ്ത “അറ്റ് ദ ഹാർട് ഓഫ് ഗോൾഡ്” എന്ന ഡോക്യുമെന്ററി 2019ലാണ് പുറത്തിറങ്ങിയത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ ഒരു നായകൻ ഉണ്ടായിരുന്നു. ഒരു സാങ്കല്പിക കഥാപാത്രമായിരുന്നില്ല അയാൾ. ലോക കായിക ചരിത്രത്തിൽ, പ്രത്യേകിച്ചും അമേരിക്കയിൽ കുപ്രസിദ്ധി നേടിയ ലാറി നാസ്സർ എന്ന ഡോക്ടർ. വനിതാ ബാസ്കറ്റ് ബോളിൽ ഒളിമ്പിക് സ്വർണം നേടിയ അമേരിക്കയുടെ ദേശീയ ടീം ഡോക്ടർ.
ഡോ. ലാറി നാസർ
ഒന്നിനുപുറകേ ഒന്നായി പ്രസിദ്ധരും അപ്രസിദ്ധരുമായ 265 വനിതാതാരങ്ങളാണ് കാലങ്ങളായി നടത്തിപ്പോന്ന ഡോക്ടറുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ‘ദ ഇന്ത്യാനാ പൊലിസ് സ്റ്റാർ’ എന്ന മാധ്യമത്തോട് വെളിപ്പെടുത്തിയത്. അവരിൽ ജസീക്കാ ഹൊവാർഡ്,മോർഗൻ വൈറ്റ്, മാഗി നിക്കോൾസ്, കെയ്ൽ റോസ്, ടെറിൻ ഹംഫ്റിതുടങ്ങിയ ഒളിമ്പിക് താരങ്ങളും ഉൾപ്പെട്ടിരുന്നു. ലോക കായിക ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ലൈംഗികപീഡനം അമേരിക്കയെ പിടിച്ചുകുലുക്കി.
ജിംനാസ്റ്റിക്സിൽ പരിശീലനം നൽകുന്ന ജീമ്മുകളുടെ ഉടമകൾ, കോച്ചുകൾ, ജീവനക്കാർ, കായിക സംഘടനയുടെ തലപ്പത്തുള്ളവർ എന്നിവരിലേക്ക് അന്വേഷണം നീണ്ടു. വിഷയം ഗുരുതരമാണെന്ന അമേരിക്കൻ കോൺഗ്രസിന്റെ വിലയിരുത്തലോടെ യുഎസ്എജി (ജിംനാസ്റ്റിക്സ് അമേരിക്ക) എംഎസ് യു (മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി) എന്നിവർക്കും ഉത്തരം നൽകേണ്ടി വന്നു. ഒന്നര വർഷത്തോളം നീണ്ട വിചാരണയിൽ വെളിപ്പെട്ടത് കേവലം ലൈംഗികപീഡന ശ്രമങ്ങൾ മാത്രമായിരുന്നില്ല.
സ്ത്രീത്വത്തിനുനേരെയുള്ള ഡോ. നാസറിന്റെ അവഹേളനം സർവ സീമകളും ലംഘിച്ചുകൊണ്ടുള്ളതായിരുന്നു. വൈദ്യ പരിശോധനയെന്ന വ്യാജേന പതിമൂന്നും പതിന്നാലും പതിനഞ്ചും വയസ്സ് മാത്രമുള്ള പെൺകുട്ടികളുടെ ജനനേന്ദ്രിയങ്ങൾക്കുള്ളിൽവരെ അയാളുടെ അന്വേഷണം നീണ്ടുചെന്നു.
പതിമൂന്ന് വയസ്സുകാരിയായ തന്നെ ഡോ. നാസർ 2008ൽ തുടർച്ചയായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് മക് കെയൽ മറോണിയുടെ ‘മീ റ്റൂ’ വെളിപ്പെടുത്തലും കോടതിയിൽ കേസ് നൽകാതിരിക്കാൻ 1.25 മില്ല്യൺ ഡോളർ വാഗ്ദാനം ചെയ്ത കാര്യവും വിചാരണയെ സ്വാധീനിച്ചു. ഞെട്ടിത്തരിച്ചുനിന്ന ഫെഡറൽ കോടതി ശിക്ഷയിൽ ഒരു വിട്ടുവീഴ്ചയും കാട്ടിയില്ല. രണ്ടു ഘട്ടങ്ങളായി 80 മുതൽ 300 വർഷംവരെയുള്ള കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഡോ. നാസർ ഫ്ലോറിഡയിലെ ഫെഡറൽ ജയിലിൽ അടയ്ക്കപ്പെട്ടു.
ഇന്ത്യൻ ഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെപ്പറ്റി ചിന്തിക്കേണ്ടത് ഈ പശ്ചാത്തലം മനസ്സിൽ സൂക്ഷിച്ചുകൊണ്ടാവണം
സഹോദരികളായ വിനേഷ് ഫോഗട്ട് സംഗീത ഫോഗട്ട് എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുന്നു
. കേവലം അതിജീവിതരായി പിന്നാമ്പുറത്തായിരുന്നില്ല അവർ. തങ്ങളുടെ കരിയറിൽ, ജീവിതത്തിൽ ഏൽക്കേണ്ടിവന്ന ദുരിതത്തെപ്പറ്റി അവർ തുറന്നു സംസാരിച്ചു. ദുരന്തം അടിച്ചേൽപ്പിച്ച സംവിധാനത്തെയും വ്യക്തിയെയും ചൂണ്ടിക്കാട്ടി. മുട്ടേണ്ട വാതിലുകളിൽ തേങ്ങലോടെ മുട്ടി. നീതി നിഷേധിക്കപ്പെടുന്നു എന്ന തിരിച്ചറിവ് അവരെപരമോന്നത നീതിപീഠത്തിനു മുമ്പിൽ വരെ എത്തിച്ചു. രാജ്യത്തിനുവേണ്ടി സ്വയം സമർപ്പിച്ച് നേടിയെടുത്ത വിശ്വപതക്കങ്ങൾ നദിയിലൊഴുക്കിക്കളയാൻ വേദനയോടെ അവർ തീരുമാനമെടുത്തു.
എന്നിട്ടും നീതിക്കുവേണ്ടിയുള്ള, തങ്ങളുടെ സ്വത്വത്തിന്റെപരിരക്ഷക്കുവേണ്ടിയുള്ള പോരാട്ടം എന്തേ വിഫലമാകുന്നു എന്ന ഭയപ്പെടുത്തുന്ന യാഥാർഥ്യം നിശ്ചയമായും അവരെ ഗ്രസിച്ചിട്ടുണ്ടാവും. എന്നാൽ ആ ഭയപ്പാടിൽ നിന്നാണ് പൊരുതുവാനുള്ള ഊർജം പോരാളികളായ നമ്മുടെ കായിക താരങ്ങൾക്ക് ലഭിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഡോ. നാസറിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കൻ താരങ്ങൾക്ക് വെയിലും മഞ്ഞും മഴയുമേറ്റ് ഏതെങ്കിലും ചത്വരത്തിൽക്കിടന്ന് നരകിക്കേണ്ടി വന്നില്ല. തുടക്കം മുതൽ നിയമം അവർക്കൊപ്പംനിന്നു. ഗാർഡിയൻ, ഫോക്സ് ന്യൂസ്, ഇന്ത്യാന പൊലിസ് സ്റ്റാർ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾ നൽകിയ പിന്തുണയിലും നിയമങ്ങളുടെപരിരക്ഷയിലും അവർ ലക്ഷ്യം കണ്ടു. കുറ്റവാളി ജയിലിൽ അടയ്ക്കപ്പെട്ടു. നിയമ സംവിധാനത്തിന്റെ സുതാര്യതയും, വഴിവിട്ട രാഷ്ട്രീയ ഇടപെടലുകളുടെ അഭാവവും അവിടെ ഒന്നര വർഷത്തിനുള്ളിൽ
പൊലീസ് കാവലിൽ ബ്രിജ് ഭൂഷൺ
തീർപ്പുണ്ടാക്കിയെങ്കിൽ ജനാധിപത്യ ഭാരതത്തിൽ, പീഡിപ്പിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുറ്റവാളിയായി ചൂണ്ടി കാട്ടിയ വ്യക്തി സ്വതന്ത്രനായി വിഹരിച്ചു നടക്കുന്നു.
പാർലമെന്ററി സംവിധാനത്തിൽ അംഗങ്ങൾക്കുള്ള പ്രത്യേകാവകാശം സഭക്കുള്ളിൽ മാത്രമാണെന്നിരിക്കെ എങ്ങനെയാണ് ഒരു സാധാരണ പൗരന്റെ അവകാശം മാത്രമുള്ള അയാൾ നിയമത്തിന് അതീതനാവുന്നത്? പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നത്? പരാതിയിൽനിന്ന് പിൻവലിപ്പിക്കുന്നത്? ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. പാർടി തീരുമാനിക്കുംമുമ്പ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ തരത്തിൽ പാർടിയിലും ഭരണസംവിധാനത്തിലും സ്വാധീനമുള്ള ഒരാൾക്ക് ഇതും ഇതിലധികവും സാധിക്കും.
പ്രത്യേകിച്ചും പാർടിയുടെ സാമ്പത്തിക സ്രോതസ്സ് ആണ് അയാളെങ്കിൽ. ഇടതുപക്ഷ – വലതുപക്ഷ ഭേദമെന്യേയുള്ള രാഷ്ട്രീയപാർടികളുടെയും പ്രസ്ഥാനങ്ങളുടെയും കർഷകകൂട്ടായ്മയുടെയും സമൂഹ മനസ്സാക്ഷിയുടെയും തലോടൽ വേണ്ടുവോളമുണ്ടെങ്കിലും ഭീതിതമായ ഈ യാഥാർഥ്യം മനസ്സിലാക്കുന്നതിൽ സാക്ഷി മാലിക്കിനും കൂട്ടർക്കും പിഴച്ചുവോ എന്നത് വെറുമൊരു സാങ്കൽപ്പിക ചോദ്യമല്ല. ഗുസ്തി ഫെഡറേഷന്റെ കാര്യത്തിൽമാത്രം ഒതുങ്ങുന്നില്ല ഈ കൈയാളലുകൾ.
ഗുസ്തി താരം സാക്ഷി മാലിക് സമരമുഖത്ത്-ഫോട്ടോ: പി വി സുജിത്
അടുത്തകാലത്തായി തെറ്റായ നടപടിക്രമങ്ങൾ കാരണം ഇന്ത്യൻ കായികഭരണ സംവിധാനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടരെയുള്ള പിഴവുകൾ അന്താരാഷ്ട്ര തലത്തിൽത്തന്നെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പോര് കായിക സംഘടനകളുടെ പ്രവർത്തനങ്ങളെപ്പോലും ബാധിച്ചു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, ഹോക്കി ഇന്ത്യ എന്നീ സംഘടനകളിലെ ചേരിപ്പോരിന് കുട പിടിച്ചത് രാഷ്ട്രീയ ലാക്കുള്ളവർ തന്നെ.
പുതിയ പാർലമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് മത പുരോഹിതനിൽ നിന്നും ചെങ്കോൽ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
ഗുസ്തി താരങ്ങളുടെ നീതിക്കു വേണ്ടിയുള്ള സമരം ലോകശ്രദ്ധയിലെത്തിക്കുന്നതിന് അവരെക്കാൾ മുന്നിട്ടുനിന്നത് കുറ്റാരോപിതനും, അവരെ കേൾക്കാൻ വിസമ്മതിച്ച കായികാധികാരികളും ഭരണകൂടവും, പിന്നെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ആണെന്നു പറയാം. കളിക്കാരെ കേൾക്കാൻ വൈകിമാത്രം തയ്യാറായ കായികാധികാരികൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തലേന്നെങ്കിലും അതിന് അനുവദിച്ചിരുന്നെങ്കിൽ ഡൽഹി അന്നേ ദിവസം ശാന്തമായിരുന്നേനെ.പകരം വാശി കണക്കെ കുറ്റാരോപിതനെ പൂച്ചെണ്ട് നൽകി പുതിയ മന്ദിരത്തിന്റെ പതുപതുത്ത കുഷ്യനിട്ട കസേരയിൽ ആനയിച്ചിരുത്തി. പുറത്ത് കായിക താരങ്ങളെ കലാപകാരികളെപ്പോലെ കൈകാര്യംചെയ്യാൻ പൊലീസിനെ നിയോഗിക്കുകയും ചെയ്തു. ലോകം അതു കണ്ടു.
ഇന്ത്യയിൽ ജനാധിപത്യം വിറങ്ങലിച്ചുനിന്ന ദിവസം
1980ൽ ഒളിമ്പിക് സ്വർണം നേടിയ ഇന്ത്യൻ സംഘത്തിൽ അംഗമായിരുന്ന ദ്രോണാചാര്യ അവാർഡ് ജേതാവായ എം കെ കൗഷിക്ക്
എം കെ കൗഷിക്ക്
ആണ് പെട്ടെന്ന് ഓർമയിലെത്തുന്നത്. ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ച് ആയിരുന്ന കൗഷിക്കിനെതിരെ 2010 ജൂലൈയിൽ ലൈംഗികാ രോപണം ഉയർന്നപ്പോൾ കായികാധികാരികൾ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നടപടി കൈക്കൊണ്ടു. ഹോക്കി ഇന്ത്യയുടെ എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും കൗഷിക്കിന് ഒഴിയേണ്ടി വന്നു.
‘ചക് ദേ ഇന്ത്യ’ യിലൂടെ ഇന്ത്യ എന്നെന്നും ഓർക്കുന്ന കളിക്കാരനും കോച്ചുമായിരുന്നല്ലോ കൗഷിക്ക്. പിങ്കി പ്രമാണിക്കിനെ ഓർക്കുന്നില്ലേ? 2006 ദോഹ ഏഷ്യൻഗെയിംസിൽ വനിതകളുടെ 4+400 റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമംഗം. 2006ൽ കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണം. 2006ൽ തന്നെ മെൽബൺ കോമൺവെൽത്ത് മേളയിൽ റിലേയിൽ വെള്ളി. ലോകകപ്പ് മീറ്റിൽ ഏഷ്യയെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട കായികതാരം. പിങ്കി പെണ്ണല്ല, ആണാണ്, തന്നെ പലകുറി ബലാത്സംഗം ചെയ്തു എന്നുള്ള വനിതാ സുഹൃത്തിന്റെ പരാതിയിൽ പുരുഷന്മാർക്കുള്ള ജയിലിൽ അയാൾക്ക് (അവൾക്ക്) കഴിയേണ്ടി വന്നു.
ജമൈക്കൻ ബോക്സർ ട്രെവര് ബെർബിക്, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ലാറി വിൽമോട്ട്, ഓസ്ട്രേലിയൻ ടെന്നീസ് താരം ബോബ്ഹെവിറ്റ്, അമേരിക്കൻ വോളിബോൾ താരം റിക്ക് ബട്ളർ എന്നിവരൊക്കെ കായിക രംഗത്തെ അവിശുദ്ധ നടപടികൾക്ക് വിധേയരായി ജയിൽവാസം അനുഭവിച്ചവരാണ്. കായിക സംഘടനകളുടെ തലപ്പത്തിരുന്ന് ലൈംഗികാതിക്രമം കാട്ടിയവരുടെ കഥകൾ ഓസ്ട്രേലിയ, ബ്രസീൽ, പോർച്ചുഗൽ, ബ്രിട്ടൻ, അമേരിക്കതുടങ്ങിയ രാജ്യങ്ങളിൽ ഏറെയുണ്ട്.
പിങ്കി പ്രമാണിക്ക്
പക്ഷേ അവർക്കാർക്കും നമ്മുടെ ഗുസ്തി താരങ്ങൾ ചൂണ്ടിക്കാട്ടിയ ആളിന് ലഭിച്ചതുപോലെയുള്ള സംരക്ഷണം ഒരുഭാഗത്തുനിന്നും കിട്ടിയില്ല. അവിടങ്ങളിലൊക്കെ നീതിപീഠവും ഭരണകൂടവും ആക്രമിക്കപ്പെട്ടവരോട് കരുണ കാട്ടി. അവർക്കൊപ്പംനിന്നു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് ന്യായമായും പ്രതീക്ഷിക്കേണ്ടത്.
ഇവിടെ യുക്തിപരമായ ചില ചോദ്യങ്ങൾ പ്രസക്തമാണ്.കായികഭാരതത്തിന്റെ യശസ്സുയർത്തിയ ഒരു കൂട്ടം കായിക താരങ്ങൾ എന്തിന് ഒരു കാരണവുമില്ലാതെ ഒരാളെ ക്രൂശിലേറ്റണം? പതക്കവും പണവും പ്രശസ്തിയും അംഗീകാരവുമെല്ലാം അവർ നേടിക്കഴിഞ്ഞു. വെറുതെ നേരമ്പോക്കിന് അത്രയും ഗുരുതരമായ, തങ്ങളുടെ സ്വകാര്യതയെപ്പോലും ഹനിക്കുന്ന ഒരാരോപണം ഉന്നയിക്കുന്നതുകൊണ്ട് എന്തുനേടാൻ? ചോദ്യങ്ങൾ ഉയരുകയും ഉയർത്തപ്പെടുകയും ചെയ്യുന്നുണ്ട്.
തീർച്ചയായും നിരപരാധികൾ ശിക്ഷിക്കപ്പെടരുത്. ഒപ്പം ശരിയായ ദിശയിലുള്ള അന്വേഷണത്തിനുള്ള മറ്റുള്ളവരുടെ അവകാശവും, അവർക്ക് ലഭിക്കേണ്ട നീതിയും നിഷേധിക്കപ്പെടരുത്. കുറ്റാരോപിതനെ തുണയ്ക്കുന്നവരും ആരോപണം ഉന്നയിച്ചവരെ തുണയ്ക്കുന്നവരും ഉറ്റുനോക്കുന്ന ഒരു ദിനം വരികയാണ്. ജൂലൈ നാല്. അന്നാണ് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ്. ശുദ്ധീകരിക്കപ്പെടുമോ നമ്മുടെ കായികരംഗം?കലാപകാലങ്ങൾ അവസാനിക്കട്ടെ എന്ന പ്രതീക്ഷയുമായി കായിക പ്രേമികൾക്കും ഉത്തരത്തിനായി കാത്തിരിക്കാം .