കോട്ടയം > എംജി സർവകലാശാല പരീക്ഷാ ഭവനിലെ പിഡി- 5 സെക്ഷനിൽ നിന്ന് കാണാതായ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തരമായി പോലീസിൽ പരാതി നൽകുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
കാണാതായ 54 സർട്ടിഫിക്കറ്റുകളും അസാധുവാക്കി അവയുടെ സീരിയൽ നമ്പരുകൾ പ്രസിദ്ധീകരിക്കും. വീഴ്ച വരുത്തിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ മുൻ സെക്ഷൻ ഓഫീസർ സെബാസ്റ്റ്യൻ പി ജോസഫ്, ഇപ്പോഴത്തെ സെക്ഷൻ ഓഫീസർ മനോജ് തോമസ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചു. സർട്ടിഫിക്കറ്റ് ഫോർമാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റു സെക്ഷനുകളിലേക്ക് മാറ്റാൻ തീരുമാനിച്ചതായും വിസി അറിയിച്ചു. ഈ വിഷയത്തിൽ സർവകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുമെന്നും വിസി അറിയിച്ചു.
ഫോർമാറ്റുകൾ കാണാതായതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കൺട്രോളർ ഡോ. സി എം ശ്രീജിത്ത് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സി ടി അരവിന്ദകുമാറിന് റിപ്പോർട്ട് നൽകി. 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോർമാറ്റുകളാണ് നഷ്ടമായത്. ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.















