കൊച്ചി> ബോധപൂർവം കുടിശ്ശിക വരുത്തിയവർക്കും വഞ്ചനക്കുറ്റമടക്കം ആരോപിച്ചിട്ടുള്ളവർക്കും തിരിച്ചടവിൽ ഇളവുകൾ നൽകാനും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ സൗജന്യം അനുവദിക്കാനും നിർദേശിച്ചതിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) 21ന് റിസർവ് ബാങ്ക് ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധിക്കും.
ഇളവുകൾക്കൊപ്പം 12 മാസത്തിനുശേഷം പുനർവായ്പ നൽകാനുമാണ് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചത്. ബാങ്കിങ് സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്നതും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണ് ഈ നിർദേശം. ബാങ്കിങ് മേഖല തുടർന്നുവന്ന നിലപാടുകൾക്ക് വിരുദ്ധവും തട്ടിപ്പുകാരെ സഹായിക്കുന്നതുമാണിതെന്ന് ബെഫി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കും. തിരുവനന്തപുരത്ത് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാർ എംഎൽഎയും എറണാകുളത്ത് സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസും പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കുമെന്ന് ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, ജനറൽ സെക്രട്ടറി എൻ സനിൽ ബാബു എന്നിവർ അറിയിച്ചു.