കൊച്ചി > മാലിന്യ സംസ്ക്കരണത്തിന് കൊച്ചിയിൽ നിന്ന് ലോകത്തിന് മികച്ച മാതൃകയുമായി ‘നഗരം സുന്ദരം’ ക്യാംപയിൻ നടപ്പിലാക്കുന്നു. കൊച്ചി കോർപറേഷനിലെ വിവിധ സംഘടനകളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നത്. അവരവരുടെ വീടുകളും സ്ഥാപനങ്ങളും പരിസരവും ആദ്യം വൃത്തിയാക്കുന്ന മാസ് ക്ലീൻ(ജനകീയ ശുചീകരണം) ക്യാംപയിനോടെയാകും തുടക്കം.
കൊച്ചിയിലെ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് മാലിന്യസംസ്ക്കരണത്തിൽ ജില്ലയുടെ നോഡൽ ഓഫീസർ കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പിൽ ഡയറക്ടർ എം ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഹ്രസ്വകാല, ദീർകാല അടിസ്ഥാനത്തിൽ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ‘നഗരം സുന്ദരം’ ക്യാംപയിൻ ആരംഭിക്കുന്നതെന്ന് എം ജി രാജമാണിക്യം പറഞ്ഞു. ആദ്യം അവരവരുടെ വീടും പരിസരവും വൃത്തിയാക്കും. അതുപോലെ സ്ഥാപനങ്ങളും. മൊത്തം ജില്ലയെ ഘട്ടംഘട്ടമായി മാലിന്യമുക്തമാക്കുന്ന എന്ന ലക്ഷ്യത്തിലാണ് ക്യാംപയിന് തുടക്കം കുറിക്കുന്നത്. എല്ലാവരുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്. രണ്ടു വർഷത്തിനകം ജില്ലയെ പൂർണ്ണമായും മാലിന്യമുക്തമാക്കുവാനാണ് ലക്ഷ്യമിടുന്നത്.
മാലിന്യ സംസ്ക്കരണത്തിൽ വ്യക്തിപരമായ ഇടപെടലുകൾ ആവശ്യമാണ്. ഇക്കാര്യത്തിൽ നമ്മൾ എന്തു ചെയ്യുന്നുവെന്നു കൂടി പരിശോധിക്കണം. മനോഭാവത്തിൽ മാറ്റം വരണം. എല്ലാവരും ഒരുമിച്ചു നിന്നാൽ ഗുണപരമായ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വീടുകൾ വൃത്തിയായാൽ നമ്മുടെ ഉത്തരവാദിത്വം തീർന്നുവെന്ന് വിചാരിക്കരുത്. നാട് വൃത്തി ആണോ എന്നുകൂടി ചിന്തിക്കണം. നമ്മുടെ മാലിന്യം സംസ്ക്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കൂടുതൽ പിഴ ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്നും എം ജി രാജമാണിക്യം പറഞ്ഞു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ മാലിന്യസംസ്ക്കരണത്തിൽ വലിയമാറ്റമാണ് കൊച്ചിയിൽ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. സർക്കാരും കോർപറേഷനും മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. അതിന്റെ ഭാഗമായി എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു കൊച്ചി നഗരത്തിൽ നടപ്പിലാക്കുന്ന വലിയ ക്യാംപയിനാണ് നഗരം സുന്ദരം. ക്യാംപയിന് തുടക്കമിടുന്നതിന്റെ ഭാഗമായാണ് വിവിധ സംഘടനകളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം ചേർന്നതെന്നും ഈ ക്യാംപയിനിൽ നഗരത്തിലെ ഓരോ വ്യക്തിയും പങ്കെടുക്കണമെന്നും കൊച്ചിയെ സുന്ദര നഗരമാക്കി മാറ്റുമെന്നും കളക്ടർ പറഞ്ഞു.
പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് ഈ വർഷം ജില്ലയിൽ 1359 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. ജൂൺ മാസം മാത്രം 153 കേസുകൾ എടുത്തുവെന്ന് പൊലീസ് അറിയിച്ചു.
മാലിന്യ സംസ്ക്കരണത്തിൽ നിലവിൽ കൊച്ചി കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ സെക്രട്ടറി സെക്രട്ടറി ബാബു അബ്ദുൾ ഖാദർ വിശദികരിച്ചു. യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി, സ്മാർട്ട് മിഷൻ സിഇഒ ഷാജി നായർ, സബ് കളക്ടർ പി വിഷ്ണു രാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.