കൊച്ചി> പുരാവസ്തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കൽ പണമിടപാടുകൾ നടത്തിയിരുന്നത് ജീവനക്കാരുടെ അക്കൗണ്ട് വഴി. ജീവനക്കാരുടെ സാലറി അക്കൗണ്ട് വഴി മോൻസൺ പണമിടപാടുകൾ നടത്തിയതിന്റെ തെളിവ് ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന് ലഭിച്ചു. ആക്സിസ്, ഇൻഡസ് ഇൻഡ് ബാങ്കുകളുടെ പതിനഞ്ചോളം അക്കൗണ്ടുകൾ ഉപയോഗിച്ചായിരുന്നു പണമിടപാട്.
തന്റെ അക്കൗണ്ടുകൾ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം മരവിപ്പിച്ചെന്നും അതിനാലാണ് ജീവനക്കാരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതെന്നുമാണ് മോൻസൺ എല്ലാവരെയും വിശ്വസിപ്പിച്ചത്.സാലറി അക്കൗണ്ടുകളുടെ കോൺടാക്ട് നമ്പർ മോൻസണിന്റേതായിരുന്നു. അക്കൗണ്ടുകളുടെ ഇ–-മെയിൽ വിലാസവും മോൻസണിന്റേതായിരുന്നെന്ന് സ്ഥിരീകരിച്ചു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എബിൻ എബ്രഹാമിന് പണം നൽകിയതും മോൻസനാണെന്ന് ഇതോടെ വ്യക്തമായി. മോൻസണിന്റെ പേഴ്സണൽ മേക്കപ്പ്മാനും പോക്സോ കേസിലെ ഒന്നാംപ്രതിയുമായ തൃശൂർ തിരുവില്വാമല കുന്നേൽവീട്ടിൽ കെ ജെ ജോഷിയുടെ പേരിൽ ഇൻഡസ് ഇൻഡ് ബാങ്കിലുള്ള അക്കൗണ്ടിൽനിന്നാണ് എബിന്റെ അക്കൗണ്ടിലേക്ക് 26,000 രൂപ അയച്ചുകൊടുത്തത്. ജനുവരി 20ന് ഈ പണം അയച്ചത് മോൻസനാണെന്നും കണ്ടെത്തിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ എബിൻ ഈ പണം ഉപയോഗിച്ചോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.
മോൻസൺ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന് പരാതിപ്പെട്ട തൃശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും കോഴിക്കോട് സ്വദേശി എം ടി ഷെമീറിനെയും എബിൻ എബ്രഹാം സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പുരാവസ്തു തട്ടിപ്പുകേസിലെ നിർണായക സാക്ഷി ഡ്രൈവർ അജിത്തിനെയും എബിൻ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.