തിരുവനന്തപുരം > മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെയും ജൽപ്പനങ്ങൾകൊണ്ട് സിപിഐ എമ്മിനെ തകർക്കാനാകില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ ചുമതലയേറ്റതുമുതൽ ചില മാന്യന്മാർ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. മുൻകാലങ്ങളിലും പാർടി സെക്രട്ടറിമാർക്കെതിരെ സമാനരീതിയിൽ വളഞ്ഞാക്രമണം ഉണ്ടായിട്ടുണ്ട്. അന്നും ഇന്നും ഇത്തരം ഗൂഢനീക്കങ്ങളെ സിപിഐ എം പ്രതിരോധിച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതാവാണെങ്കിൽ തറവാടിത്തം വേണമെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. അദ്ദേഹം പേറുന്ന ഫ്യൂഡൽ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് “മിതത്വം’ വേണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞുവയ്ക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും മിതത്വം കുറച്ചുകാലങ്ങളായി മലയാളികൾ വല്ലാതെ സഹിക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.