കൊച്ചി > വ്യാജവാർത്ത നൽകിയെന്ന പേരിൽ മറുനാടൻ മലയാളിക്കെതിരെ ആരോപണവുമായി ഒളിമ്പ്യൻ മയൂഖ ജോണി. വീഡിയോയിലൂടെയാണ് മറുനാടൻ മലയാളിക്കെതിരെ ആരോപണവുമായി കായിക താരം എത്തിയത്. സമൂഹത്തിൽ വ്യാജ വാർത്തകൾ പടച്ചു വിട്ട് വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാലത്ത് തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണെന്നാണ് മയൂഖ വീഡിയോയിൽ പറയുന്നത്.
രണ്ടു വർഷം മുൻപ് തന്റെ സുഹൃത്തിനുണ്ടായ ലൈംഗിക പീഡനാനുഭവം പങ്കുവെച്ചപ്പോൾ മറുനാടൻ തനിക്കെതിരെ പ്രചാരണം നടത്തിയെന്നാണ് മയൂഖ പറഞ്ഞത്. സുഹൃത്തിനുണ്ടായ അനുഭവം സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടണമെന്ന ഉദ്ദേശത്തോടെയാണ് കേസ് നൽകിയത്. എന്നാൽ മറുനാടൻ മലയാളി എന്ന യു ട്യൂബ് ചാനൽ അതിനെ വളരെ മോശമായി ചിത്രീകരിച്ചു. ഞാൻ കള്ളക്കേസാണ് നൽകിയതെന്നും സമൂഹത്തിൽ വർഗീയതയുണ്ടാക്കാൻ ശ്രമിച്ചുമെന്നുമാണ് മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും പ്രചരിപ്പിച്ചത്. തന്റെ സുഹൃത്തിന് നീതി ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് മുന്നോട്ടു വന്നത്. എന്നാൽ തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഷാജൻ സ്കറിയ വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു- മയൂഖ പറയുന്നു.
ഷാജൻ സ്കറിയയുടെ ഭാര്യ തന്റെ സുഹൃത്തും സീനിയറുമാണ്. 2012 ഒളിമ്പിക്സിൽ യോഗ്യത നേടിയ സമയത്ത് ലണ്ടനിൽ പോയി പരീശീലനം നടത്താമെന്നും അതിനായുള്ള കേന്ദ്ര ഫണ്ട് റിലീസ് ചെയ്യിപ്പിക്കാമെന്നും ഷാജനും ഭാര്യയും പറഞ്ഞിരുന്നു. മുമ്പ് ഷാജന്റെ ഭാര്യ ബോബി അലോഷ്യസും ഇത്തരത്തിൽ ഫണ്ട് റിലീസ് ചെയ്ത് പുറത്തു പോയിട്ടുണ്ട്. എന്നാൽ തന്റെ പേരിൽ കേന്ദ്രത്തിൽ നിന്ന് പണം റിലീസ് ചെയ്യുകയായിരുന്നു ഷാജന്റെ ഉദ്ദേശം എന്നതിനാൽ താൻ ആ ഓഫർ നിരസിക്കുകയായിരുന്നു. ഇതാവാം ഷാജന്റെ വ്യക്തിവൈരാഗ്യത്തിനു കാരണമെന്നും ഇതിന്റെ പേരിൽ തനിക്കെതിരെ വാർത്ത ചെയ്യുകയായിരുന്നു എന്നും മയൂഖ കൂട്ടിച്ചേർത്തു.
മറുനാടൻ മലയാളി വ്യാജവാർത്തകൾ സൃഷ്ടിക്കുകയും സമൂഹത്തിൽ മാന്യമായ നിലയിലുള്ളവരെ ബോധപൂർവം അപമാനിക്കുകയാമാണ് ചെയ്യുന്നത്. ഇത്തരത്തിൽ വാർത്തകൾ ചെയ്യുന്നവരെ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്നും തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്ന മറുനാടൻ മലയാളി പോലെയുള്ള ചാനലുകളെ പൂർണമായും ഒഴിവാക്കണമെന്നും മയൂഖ പറഞ്ഞു.