തിരുവനന്തപുരം > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൺ പീഡിപ്പിച്ച സമയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വീട്ടിൽ ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ മൊഴി. വിവരമറിഞ്ഞിട്ടും സഹായിച്ചില്ലെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. ഇതോടെ മോൻസൺ ഒന്നാംപ്രതിയായ വഞ്ചനക്കേസിൽ രണ്ടാംപ്രതിയായ കെ സുധാകരനെ പോക്സോ കേസിലും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
വഞ്ചനാക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കൂട്ടുപ്രതി മോൻസൺ മാവുങ്കലിന് പോക്സോ കേസിൽ മൂന്നു ജീവപര്യന്തം കഠിനതടവും 5.25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ മകളെ പീഡിപ്പിച്ച കേസിലാണ് പുരാവസ്തു തട്ടിപ്പുകാരൻ മോൻസണെ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവയിലെ 13 വകുപ്പുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.
തുടർച്ചയായ ബലാത്സംഗം, തന്നിലുള്ള വിശ്വാസംമുതലെടുത്തുള്ള ബലാത്സംഗം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കൽ എന്നീ വകുപ്പുകൾക്കാണ് മൂന്നു ജീവപര്യന്തം ശിക്ഷ. ലൈംഗികചൂഷണത്തിനായി കടത്തിക്കൊണ്ടുപോകൽ, നിർബന്ധപൂർവമുള്ള ഗർഭഛിദ്രം, അന്യായ തടങ്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി ശേഷിക്കുന്ന വകുപ്പുകൾക്ക് 35 വർഷം കഠിനതടവും വിധിച്ചു. ജീവപര്യന്തമെന്നാൽ ശിഷ്ടകാലം മുഴുവനാണെന്ന് വിധിയിൽ വ്യക്തമാക്കി. പിഴത്തുക പെൺകുട്ടിക്ക് നൽകാനും ഉത്തരവിട്ടു. പെൺകുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് വിധിയിൽ ശുപാർശ ചെയ്തു.
പുരാവസ്തുതട്ടിപ്പ്, വഞ്ചന ഉൾപ്പെടെ 16 കേസുകളിൽ പ്രതിയായ മോൻസണിനെതിരായ ആദ്യവിധിയാണിത്. 2019 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം.
പുരാവസ്തു തട്ടിപ്പുകേസിൽ 2021 സെപ്തംബർ 24ന് മോൻസൺ അറസ്റ്റിലായതിനു പിന്നാലെയാണ് ക്രൂരപീഡനം വിവരിച്ച് പെൺകുട്ടി പരാതി നൽകിയത്. പുരാവസ്തു തട്ടിപ്പിന്റെ ഭാഗമായ വഞ്ചനാക്കേസിൽ ഒന്നാംപ്രതി മോൻസണുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി കെ സുധാകരനെ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് പീഡനം നടക്കുന്ന സമയത്ത് സുധാകരൻ വീട്ടിലുണ്ടായിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകിയത്. ഇനി പോക്സോ കേസിലും സുധാകരനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം