തമിഴ്നാട്ടിലെയും കേരളത്തിലെയും തിയറ്ററുകളിൽ ഒരുപോലെ നിറഞ്ഞോടുകയാണ് പോർ തൊഴിൽ എന്ന തമിഴ് ത്രില്ലർ ചിത്രം. വിഗ്നേഷ് രാജ ഒരുക്കിയ ചിത്രത്തിൽ നായിക നിഖില വിമലാണ്. ശരത് കുമാറും അശോക് സെൽവനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവ്ക്കൊപ്പം അപ്ലാസ് എന്റർടെയ്ൻമെന്റാണ് നിർമാണം. തന്റെ സിനിമാ കാഴ്ചപ്പാടുകളെക്കുറിച്ച് നടി നിഖില വിമൽ സംസാരിക്കുന്നു:
ശ്രദ്ധിക്കപ്പെടുമെന്ന് തോന്നി
സംവിധായകൻ വിഘ്നേഷ് രാജ കഥപറയുമ്പോൾ തന്നെ സിനിമയോട് താൽപ്പര്യം തോന്നി. കഥ പറഞ്ഞ രീതി നന്നായി ആകർഷിച്ചു. തമിഴിൽ കുറച്ചുകാലമായി സിനിമ ചെയ്തിട്ടില്ല. വീണ്ടുമെത്തുമ്പോൾ ആളുകളിലേക്ക് എത്തുന്ന സിനിമ ആകണമെന്നുണ്ടായിരുന്നു. ത്രില്ലറുകൾ ആളുകളിലേക്ക് വേഗത്തിൽ എത്തും. ചിത്രീകരണ സമയത്തുതന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്ന് തോന്നി. സംവിധായകൻ നല്ല കഴിവുള്ള ആളാണെന്ന് ചിത്രീകരണത്തിനിടയിൽ സിനിമയെ സമീപിക്കുന്ന രീതിയിൽനിന്നുതന്നെ മനസ്സിലാകുമായിരുന്നു. അശോക് സെൽവനടക്കമുള്ളവരും അത് പറഞ്ഞു.
ഫീൽ ഗുഡ് സിനിമകൾ കംഫർട്ട് സോണല്ല
നിലവിൽ ചെയ്യുന്ന രീതിയിലുള്ള സിനിമകളെ ബ്രേക്ക് ചെയ്യുക എന്നതിനപ്പുറം ആളുകളിലേക്ക് എത്തുന്ന സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത്. അതിനാണ് പ്രാധാന്യം. പ്രേക്ഷകരുടെ കംഫർട്ട് സോണിലേക്ക് എത്തുന്ന സിനിമ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. സിനിമ തെരഞ്ഞെടുക്കുമ്പോൾ അഭിനേതാക്കൾ, നിർമാണം, ആളുകളിലേക്ക് എത്തുന്നതാണോ തുടങ്ങിയ കാര്യങ്ങളാണ് നോക്കാറ്. ഫീൽ ഗുഡ് സിനിമകൾ എന്റെ കംഫർട്ട് സോണിലുള്ളതല്ല. അഭിനയിച്ച ജോ ആൻഡ് ജോ ഒക്കെ പൂർണമായും ഫീൽ ഗുഡ് സിനിമയായിരുന്നില്ല. തമാശയുള്ള കുടുംബ ചിത്രമാണ്. കഥാപാത്രം നന്മ മാത്രം പറയുന്ന തരത്തിലുള്ളവയുമല്ല. നർമസ്വഭാവമുള്ള കഥാപാത്രങ്ങളോട് താൽപ്പര്യമുണ്ട്. ത്രില്ലറുകൾ, നെഗറ്റീവ് സ്വഭാവമുള്ളവയടക്കം എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ഇഷ്ടമാണ്. മലയാളത്തിൽ അഭിനയിക്കുന്നതിനിടയിൽ തമിഴിൽനിന്ന് ചെയ്യാൻ താൽപ്പര്യം തോന്നുന്ന അവസരങ്ങൾ വന്നാൽ അതും ചെയ്യും. രണ്ട് ഇടത്തും ഒരുപോലെ സിനിമ ചെയ്യണം.
മാരി സെൽവരാജ് സിനിമ
മാരി സെൽവരാജിന്റെ സിനിമാ ശൈലിയിലുള്ള പടം തന്നെയാണ് വാഴൈ. ഇതുവരെ ചെയ്ത സിനിമകളിൽ കുറച്ചുകൂടി അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുമായി ചേർന്നുനിൽക്കുന്ന ചിത്രമാണ്. ചിത്രീകരണം പൂർത്തിയായി. വിപിൻ ദാസ് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയിൽ, നിവിൻ പോളി നായകനാകുന്ന വിനയ് ഗോവിന്ദ് ചിത്രം താരം എന്നിവയാണ് വരാനിരിക്കുന്നത്. ചില സിനിമകൾ പ്രഖ്യാപിക്കാനുമുണ്ട്.
മാധ്യമവാർത്തയ്ക്ക് മറുപടിയില്ല
ഞാൻ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് എനിക്ക് അറിയാം. അത് മാധ്യമങ്ങൾ എങ്ങനെയാണ് റിപ്പോർട്ട് ചെയ്തതെന്ന് നോക്കാറില്ല. ഇങ്ങനെ വാർത്തയാകുമെന്ന് ചിന്തിച്ചല്ല അഭിപ്രായം പറയുന്നത്. എനിക്ക് തോന്നുന്ന കാര്യങ്ങൾ പറയുന്നതാണ്. മാധ്യമങ്ങൾ ഇങ്ങനെ വാർത്ത കൊടുക്കുന്നത് അവർക്ക് എന്നോട് വിരോധമുണ്ടായിട്ട് ഒന്നുമല്ല. മറിച്ച് ഇങ്ങനെ വാർത്തയാക്കിയാൽ അവർക്ക് ക്ലിക്ക് കിട്ടും, ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിട്ടാകും. അതിനൊന്നും മറുപടി കൊടുക്കാൻ താൽപ്പര്യമില്ല. മാധ്യമങ്ങളുണ്ടാക്കിയ വാർത്തയ്ക്ക് അവർ തന്നെ മറുപടി പറഞ്ഞാൽ മതി.
ഗുസ്തി താരങ്ങൾക്കൊപ്പം
ഗുസ്തി താരങ്ങൾ സമരം ചെയ്യുമ്പോൾ അവർക്ക് പിന്തുണ നൽകണം. നമ്മുടെ രാജ്യത്ത് ഇങ്ങനെയൊരു സംഭവം നടക്കുമ്പോൾ അവർക്കൊപ്പം നിൽക്കണം. സർക്കാർ ചെയ്യുന്നത് ശരിയല്ല. അവർക്ക് എന്റെ പിന്തുണയുണ്ട്. കേരളത്തിന് പുറത്താണ് സമരം എന്നതിനാൽ അവിടെ പോകാൻ കഴിയില്ല. സമൂഹമാധ്യമങ്ങൾ വഴി പിന്തുണ നൽകാനാണ് കഴിയുക. അതിലൂടെ വിഷയം കൂടുതൽ ആളുകളിലേക്ക് എത്തും.