തിരുവനന്തപുരം
ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിക്കുന്ന ‘ഗുരുതര’ ആരോപണങ്ങൾ വസ്തുതയല്ലെന്ന് തെളിയിച്ച് സർക്കാർ തീരുമാനവും കോടതി ഉത്തരവും. യോഗ്യതാ മാനദണ്ഡങ്ങളിൽ ഊരാളുങ്കലിനെ ഒഴിവാക്കിയെന്നാണ് ആരോപണം.
സംഘം ഏറ്റെടുത്ത പ്രവൃത്തികൾ ഗുണനിലവാരത്തോടെ കൃത്യസമയത്ത് പൂർത്തീകരിക്കുന്നതിനാൽ എലിജിബിലിറ്റി, വർക്ക് ഓൺ ഹാൻഡ് സർട്ടിഫിക്കറ്റുകൾ വേണ്ടെന്ന ആനുകൂല്യം യുഡിഎഫ് സർക്കാരടക്കം അംഗീകരിച്ചതും 2008ൽ സർക്കാർ ഉത്തരവിലൂടെ നടപ്പാക്കിയതുമാണ്.
പരിധിയില്ലാതെ പ്രവൃത്തികൾ ഏറ്റെടുക്കാനും ഇതുവഴി അനുമതിയായിരുന്നു. സർക്കാർ പ്രവൃത്തികൾ നേരിട്ട് ഏറ്റെടുക്കുന്നതിന് ഊരാളുങ്കലിനെ അക്രഡിറ്റഡ് ഏജൻസിയായി 2011-ലെ ഉമ്മൻ ചാണ്ടി സർക്കാരാണ് അംഗീകരിച്ചത്. ഇതുസംബന്ധിച്ച ഹർജി തീർപ്പാക്കി ഊരാളുങ്കൽ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതിയും വിധിച്ചിരുന്നു.
ടെൻഡറിൽ പങ്കെടുക്കുമ്പോൾ ലേബർ സഹകരണസംഘങ്ങൾക്ക് 1997ൽ ബാധകമാക്കിയതാണ് എലിജിബിലിറ്റി, വർക്ക് ഓൺ ഹാൻഡ് സർട്ടിഫിക്കറ്റുകൾ. അക്രഡിറ്റഡ് ഏജൻസിയായതോടെ എലിജിബിലിറ്റിക്കും പരിധിയില്ലാതെ പ്രവൃത്തികൾ ഏൽപ്പിക്കാമെന്ന ഉത്തരവോടെ വർക്ക് ഇൻ ഹാൻഡിനും ഊരാളുങ്കലിന് സർട്ടിഫിക്കറ്റ് ആവശ്യമില്ലാതായി.
2008-ലെ ഉത്തരവിനു വിരുദ്ധമായി ചില ഉദ്യോഗസ്ഥർ ഈ രേഖകൾ ടെൻഡർ വേളയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് ഒഴിവാക്കാനാണ് സർക്കാരിനെ സമീപിച്ചതും പ്രത്യേക ഉത്തരവ് ഇറക്കിയതും. വസ്തുതകൾ പരിശോധിക്കാതെയാണ് പ്രതിപക്ഷ നേതാവ് ഊരാളുങ്കലിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത്.