കൊച്ചി> ഹൈക്കോടതി ജഡ്ജിക്കെതിരെ യുട്യൂബ് ചാനലിലൂടെ ഉന്നയിച്ച ആരോപണങ്ങൾ ചാനലിലൂടെതന്നെ തിരുത്തി കെ എം ഷാജഹാന്റെ മാപ്പപേക്ഷ. ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയിലാണ് ഷാജഹാൻ മാപ്പുപറഞ്ഞത്. ആരോപണങ്ങളുടെ വീഡിയോ ലിങ്ക് നീക്കം ചെയ്തതായും ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം സർക്കാരും സ്ഥിരീകരിച്ചു.
കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂർ, ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു ഷാജഹാൻ ആരോപണം ഉന്നയിച്ചത്. ജസ്റ്റിസ് പി ബി സുരേഷ്കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് കോടതിയലക്ഷ്യ ഹർജി പരിഗണിച്ചത്.
കഴിഞ്ഞയാഴ്ച ഷാജഹാൻ നൽകിയ മാപ്പപേക്ഷ കോടതി അംഗീകരിച്ചിരുന്നില്ല. ജഡ്ജിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും മാപ്പുനൽകണമെന്നും അപേക്ഷയിൽ വ്യക്തമായി പറയാത്തതിനാൽ നിരുപാധികമായുള്ള മാപ്പായി കണക്കാക്കാനാകില്ലെന്ന് വിലയിരുത്തിയാണ് മാപ്പപേക്ഷ കോടതി നിരസിച്ചത്. തുടർന്ന് പുതിയ മാപ്പപേക്ഷ നൽകാമെന്ന് ഷാജഹാൻ കോടതിയെ അറിയിച്ചു. മാപ്പപേക്ഷ സത്യവാങ്മൂലമായി നൽകുന്നതോടൊപ്പം യുട്യൂബ് ചാനലിലൂടെ മാപ്പുപറയണമെന്നും പകർപ്പ് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. അതനുസരിച്ചായിരുന്നു യുട്യൂബ് ചാനലിലൂടെയുള്ള മാപ്പുപറച്ചിൽ.















