ഹവാന> കേരളവുമായി വിവിധ മേഖലകളില് സഹകരണം ശക്തിപ്പെടുത്താന് താല്പര്യമറിയിച്ച് ഹവാന ഗവര്ണര് യാനെറ്റ് ഹെര്ണെന്ഡസ് പെരെസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശാസ്ത്രം, ആരോഗ്യം, കായികം തുടങ്ങി വിവിധ മേഖകളില് സഹകരണം ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ക്യൂബന് പ്രസിഡന്റ് മിഗ്വേല് ഡിയാസ് കനാലുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില് ഹവാന ഗവര്ണര് പങ്കെടുത്തിരുന്നു. അതിന്റെ തുടര്ചര്ച്ചയാണ് നടത്തിയത്.
നഗരകാര്യങ്ങള്, പാര്പ്പിടം, കൃഷി തുടങ്ങിയ മേഖലകളില് കേരളത്തിന്റെ സഹകരണമുണ്ടാകണമെന്ന് ഗവര്ണര് അഭ്യര്ഥിച്ചു. കേരള – ഹവാന അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പുസ്തകോത്സവത്തിലും പരസ്പര പങ്കാളിത്തമുറപ്പാക്കാനും, ഇരുവശത്തു നിന്നുമുള്ള സാഹിത്യ പ്രവര്ത്തകര്ക്ക് സംവദിക്കാന് അവസരമൊരുക്കാനും ചര്ച്ചയില് ധാരണയായി.
ആയുര്വേദം, കായികം, സംയുക്ത ഗവേഷണ വികസനം, വ്യാപാരം, ബയോടെക്, ഫാര്മസ്യൂട്ടിക്കല് തുടങ്ങി വിവിധ മേഖലകളില് ക്യൂബയുമായി സഹകരിക്കാന് തീരുമാനിച്ചു.
കേരളവും ക്യൂബയും പ്രധാന ടൂറിസം ആകര്ഷക കേന്ദ്രങ്ങളാണ്. ടൂറിസം വികസനത്തിലുള്ള സഹകരണത്തിലൂടെ ഇരുവര്ക്കും പരസ്പരം അറിവ് നേടാനും പങ്കു വെക്കാനും സാധിക്കും.സന്ദര്ശനം ഹവാനയും കേരളവും തമ്മിലുള്ള ദീര്ഘവും ഫലപ്രദവുമായ ബന്ധത്തില് നാഴികക്കല്ലായിമാറുമെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി ഔദ്യോഗിക സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും അറിയിച്ചു.
ഹവാന ഗവര്ണറുടെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി ക്യൂബ സന്ദര്ശിക്കുന്നത്. ക്യൂബയിലെ ഏറ്റവും വലിയ നഗരവും പ്രാദേശിക ഭരണ സംവിധാനവുമാണ് ഹവാന.
കേരളത്തില് നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം ഹവാന ഡെപ്യൂട്ടി ഗവര്ണര്, മറ്റ് ഉയര്ന്ന ഉദ്യോഗസ്ഥര് എന്നിവരും ചര്ച്ചയില് പങ്കെടുത്തു.