കൊച്ചി > നോർവേയിലെ വിത്സൺ ഷിപ്പോണിങ്ങിനുവേണ്ടി ആറു ചരക്കുകപ്പലുകൾ നിർമിക്കാനുള്ള കരാർ ഉഡുപ്പി കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്. കൊച്ചിൻ ഷിപ്യാർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഉഡുപ്പിയിലെ ഷിപ്യാർഡ്. ന്യൂ ജനറേഷൻ ഡീസൽ ഇലക്ട്രിക് 3800 ഡിഡബ്ല്യുടി ജനറൽ കാർഗോ വെസലിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനുമുള്ളതാണ് കരാർ. തുടർന്ന് എട്ടു കപ്പലുകൾകൂടി നിർമിക്കാനുള്ള സാധ്യതകൂടി ഉള്ളതാണ് കരാർ. 580 കോടി രൂപയുടെയാണ് കരാർ. ആദ്യകപ്പൽ 2024 ഡിസംബറോടെ നൽകി 2026 മാർച്ചിനുള്ളിൽ മുഴുവൻ കപ്പലുകളും കൈമാറാനാണ് ഉദ്ദേശിക്കുന്നത്.
നെതർലാൻഡ്സിലെ കോണോഷിപ് ഇന്റർനാഷണലാണ് കപ്പൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. വിൻഡ് ഫോയിൽ യൂണിറ്റുകളും ബാറ്ററി ഹൈബ്രിഡ് സിസ്റ്റങ്ങളും സ്ഥാപിക്കാവുന്ന പരിസ്ഥിതിസൗഹൃദ ഡീസൽ ഇലക്ട്രിക് യാനമാണിത്. യൂറോപ്പിലെ ഉൾനാടുകളിലും തീരദേശത്തും പൊതു–-ചരക്ക് ഗതാഗതത്തിനാണ് ഉപയോഗിക്കുക.
നോർവേയിലെ ബെർഗൻ ആസ്ഥാനമായ വിൽസൺ ഷിപ് മാനേജ്മെന്റ് യൂറോപ്പിലെ ഏറ്റവും വലിയ ഹ്രസ്വദൂര ചരക്കുനീക്ക സ്ഥാപനമാണ്. 1500 മുതൽ 8500 ഡിഡബ്ല്യുടിവരെ ശേഷിയുള്ള ഏതാണ്ട് 130 കപ്പലുകളുണ്ട്.