കൊച്ചി
മോൻസൺ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിൽ രണ്ടാംപ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. സുധാകരനെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ റിപ്പോർട്ട് നൽകുകയും14ന് ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂർജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തേ നിശ്ചയിച്ച പരിപാടികളും യോഗങ്ങളും ഉള്ളതിനാൽ 14ന് ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ചിന് നേരത്തേ കത്ത് നൽകിയതായി ഹർജിയിൽ പറയുന്നു. അറസ്റ്റുണ്ടായേക്കുമെന്ന് ആശങ്കയുണ്ട്. അറസ്റ്റ് ചെയ്താൽ കസ്റ്റഡിയിൽ പീഡിപ്പിക്കാനും അന്യായമായി തടവിൽ പാർപ്പിക്കാനും സാധ്യതയുണ്ട്. അതിനാൽ, അറസ്റ്റുണ്ടായാൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കഴിഞ്ഞദിവസം ഹാജരാകാത്തതിനാൽ 23ന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. കേസിലെ ഒന്നാംപ്രതിയായ മോൻസൺ 25 ലക്ഷം കൈപ്പറ്റുമ്പോൾ സുധാകരന്റെ സഹായം തനിക്കുണ്ടെന്ന ഉറപ്പുകൂടി നൽകിയതിനെ തുടർന്നാണ് പണം നൽകിയതെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.