തിരുവനന്തപുരം
ബിരുദധാരികൾക്ക് സ്റ്റൈപെൻഡോടെ ഐടി പാർക്കുകളിൽ ഇന്റേൺഷിപ്പിന് അവസരമൊരുക്കാൻ സർക്കാർ ആവിഷ്കരിച്ച ഇഗ്നൈറ്റ് പദ്ധതിയുടെ രണ്ടാംപതിപ്പിന് ശനിയാഴ്ച തുടക്കം. ഇഗ്നൈറ്റിന്റെ ആദ്യ പതിപ്പിൽ ഇന്റേൺഷിപ് ചെയ്ത 175 ൽ 90 ശതമാനം പേരും വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചു.
കേരള ഐടി പാർക്സിന്റെ നേതൃത്വത്തിൽ കൊല്ലം ടെക്നോപാർക്കിലെ അഷ്ടമുടി ബിൽഡിങ്ങിലാണ് രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം. പകൽ 10 മുതൽ അഞ്ചുവരെ നടക്കുന്ന ഇന്റേൺഷിപ് ഫെയറിൽ ടെക്നോപാർക്കിലെ ഐടി, ഐടിഇഎസ് കമ്പനികളിൽ ഇന്റേൺഷിപ്പിന് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കും. ഇവർക്ക് മാസം 5000 രൂപ സർക്കാർ വിഹിതം ഉൾപ്പെടെ 10,000 രൂപയോ അതിൽ കൂടുതലോ സ്റ്റൈപെൻഡും ലഭിക്കും.
ആദ്യ പതിപ്പിൽ ടെക്നോപാർക്കിലെ കമ്പനികളിൽ 23 പേരും ഇൻഫോപാർക്കിൽ 40 പേരും സൈബർപാർക്കിൽ 56 പേരുമാണ് ഇന്റേൺഷിപ് ചെയ്തത്. സ്റ്റാർട്ടപ് മിഷനിലുള്ള വിവിധ കമ്പനികളിൽ 41 പേരും മലബാറിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റിൽ 13 പേരും ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിൽ അംഗമായ കമ്പനികളിൽനിന്ന് രണ്ടുപേരും ഇന്റേൺഷിപ് പൂർത്തിയാക്കി.
ഇന്റേൺഷിപ് ഫെയറിനായി കമ്പനികൾക്ക് https://forms.office.com/r/Sje5797gkq എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കാം. ഉദ്യോഗാർഥികൾക്ക് https://ignite.keralait.org/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.