തിരുവനന്തപുരം
കോൺഗ്രസ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ കേസിലും സർക്കാർ സ്ഥാപനവുമായി ബന്ധപ്പെട്ട വാർത്തയിലും മൊഴിയെടുക്കാൻ അന്വേഷണ ഏജൻസികൾ സമീപിച്ചത് പത്രസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി ചിത്രീകരിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും. കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സോളാർ കേസ് പ്രതി സരിത എസ് നായർ പരാതി നൽകിയിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് മുല്ലപ്പള്ളിക്കെതിരെ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസിൽവന്ന വാർത്തയുടെ ഓൺലൈൻ ലിങ്ക് സഹിതമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി, വാർത്ത വായിച്ചയാളെയും റിപ്പോർട്ടറെയും പൊലീസ് സമീപിച്ചു. ഇത് ചോദ്യം ചെയ്യാനാണെന്ന് വ്യാഖ്യാനിച്ചാണ് സർക്കാരിനെതിരെ പ്രചാരണം. കൊല്ലം കെഎംഎംഎല്ലുമായി ബന്ധപ്പെട്ട വാർത്തയിലെ വിശദാംശങ്ങൾക്കായാണ് റിപ്പോർട്ടറെ ക്രൈംബ്രാഞ്ച് സമീപിച്ചത്. ഇദ്ദേഹത്തിനെതിരെ ഏതെങ്കിലും കേസെടുത്തിട്ടില്ല. മൊഴിയെടുക്കാനാണ് വിളിപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയതിന് ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിച്ചതും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നീക്കമായാണ് ചിത്രീകരിക്കുന്നത്. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിനെതിരെ ആക്രമണാഹ്വാനം നടത്തിയ ഏഷ്യാനെറ്റിലെ വിനു വി ജോണിനെതിരായ കേസിലും സമാന പ്രചാരണമാണ്.
ട്രെയിൻ തീവയ്പിൽ മാതൃഭൂമി ന്യൂസിനെതിരായ കേസെടുത്തത് വാർത്ത റിപ്പോർട്ട് ചെയ്തതിനായിരുന്നില്ല. പ്രതിയുമായിവന്ന പൊലീസ് വാഹനം തടഞ്ഞതിനാണ്. ഒപ്പം തെളിവ് നശിപ്പിക്കുംവിധത്തിലും കസ്റ്റഡിയിലുള്ളയാളുടെയും പൊലീസുകാരുടെയും ജീവനുപോലും അപകടകരമായ രീതിയിലും പെരുമാറിയതിനും. ഇ പി ജയരാജനെതിരായ കേസിൽ റിപ്പോർട്ട് ചെയ്യാനെത്തിയവർക്കെതിരെ കേസെടുത്തു എന്നതും തെറ്റിദ്ധരിപ്പിക്കലാണ്.
മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ, സർക്കാരിനെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുടുംബാംഗങ്ങളെയും അതിരുവിട്ട് ആക്ഷേപിച്ചിട്ടുപോലും ഇതുവരെയും കേസെടുത്തിട്ടില്ല.