ബീജിങ്
നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്താൻ ചൈനയും പലസ്തീനും. ബീജിങ് സന്ദർശിക്കുന്ന പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. പലസ്തീനിലും ആ മേഖലയിലാകെയും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നും ഷി ഉറപ്പുനൽകി. നയതന്ത്രബന്ധത്തിന്റെ മുപ്പത്തഞ്ചാം വാർഷികത്തിലാണ് അബ്ബാസിന്റെ ചൈനീസ് സന്ദർശനം.
പലസ്തീൻ ജനത ചൈനക്കാരുടെ ദീർഘകാല സുഹൃത്തുക്കളാണെന്ന് ഷി പറഞ്ഞു. ജന്മദേശത്തിന്മേൽ പലസ്തീൻകാരുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനെ ചൈന എന്നും പിന്തുണച്ചിട്ടുണ്ട്. സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ ചൈന സന്നദ്ധമാണെന്ന് ഏപ്രിലിൽ ചൈനീസ് വിദേശമന്ത്രി ചിൻ ഗാങ് പലസ്തീനെ അറിയിച്ചിരുന്നു. പലസ്തീൻ പ്രശ്നം പരിഹരിക്കുന്നത് മധ്യപൗരസ്ത്യ ദേശത്തിന്റെയാകെ സമാധാനത്തിനും സുസ്ഥിരതയ്ക്കും നിർണായകമാണെന്ന് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയ്ക്കുശേഷം ചൈനീസ് വിദേശ വക്താവ് വാങ് വെൻബിൻ മാധ്യമങ്ങളോട് പറഞ്ഞു. യു എൻ രക്ഷാസമിതിയിലെ സ്ഥിരാംഗം എന്ന നിലയിലും ചൈന പ്രശ്നപരിഹാരത്തിനായി ശ്രമിക്കും.
മധ്യപൗരസ്ത്യ മേഖലയുമായി ബന്ധപ്പെട്ട അമേരിക്കൻ നയത്തിലെ അപകടങ്ങൾ മനസ്സിലാക്കി കൂടുതൽ രാജ്യങ്ങളാണ് പതിറ്റാണ്ടിനിടെ ചൈനയുമായി അടുക്കുന്നത്. ഇറാൻ ആണവ ഉടമ്പടി, സിറിയൻ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ അമേരിക്കൻ നയത്തിന്റെ വിശ്വാസരാഹിത്യം എടുത്തുകാട്ടി. ചൈന മുൻകൈയെടുത്ത് നടത്തിയ ചർച്ചയുടെ ഫലമായി ഇറാനും സൗദി അറേബ്യയും അടുത്തിടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു.















