ബൊഗോട്ട
വിമാനാപകടവും ആമസോൺ വനത്തിലെ 40 ദിവസത്തെ ഒറ്റപ്പെടലും അതിജീവിച്ച കൊളംബിയൻ കുട്ടികളെ കാത്തിരിക്കുന്നത് നിയമയുദ്ധം. കുട്ടികളുടെ കസ്റ്റഡിക്കായി ബന്ധുക്കൾ നിയമപോരാട്ടം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. വിമാനത്തിൽ കുട്ടികൾക്കൊപ്പമുണ്ടായിരുന്ന അമ്മ മഗ്ദലീന മുക്കുട്ടി, അപകടം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചു. മരിക്കുംമുമ്പ് കുട്ടികളോട് തന്റെയടുക്കലേക്ക് വരാൻ മഗ്ദലീന നിർദേശിച്ചതായി കുട്ടികളുടെ അച്ഛൻ മാനുവൽ റാനോക്കെ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
അതേസയമം, മാനുവൽ തങ്ങളുടെ മകളെ മർദിക്കുമായിരുന്നെന്നും കുട്ടികളുടെ സംരക്ഷണം തങ്ങളെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് മഗ്ദലീനയുടെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഈ സമയം കുട്ടികൾ വനത്തിൽ ഒളിക്കുമായിരുന്നെന്നും കുട്ടികളെ മാനുവലിന് വിട്ടുകൊടുക്കാനാകില്ലെന്നും ഇവർ പറയുന്നു. വീട്ടിൽ പ്രശ്നമുണ്ടായിരുന്നെന്ന് സമ്മതിച്ച മാനുവൽ, എന്നാൽ കുട്ടികളെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ്.
ഇരുവശത്തെയും വിശദമായി കേട്ടശേഷം തീരുമാനിക്കാമെന്ന നിലപാടിലാണ് അധികൃതർ. കുട്ടികൾ സുഖംപ്രാപിച്ചുവരുന്നതായും എന്നാൽ, നിരവധി ദിവസങ്ങൾ ഇനിയും ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നുമാണ് വിവരം.