മലപ്പുറം
ഇന്ത്യയുടെ ജനാധിപത്യത്തെ വർഗീയ–-കോർപറേറ്റ് ശക്തികൾ യോജിച്ച് ആക്രമിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സ്വേച്ഛാധിപത്യ മാർഗങ്ങളിലൂടെ മതനിരപേക്ഷതയുടെ ഹൃദയം തകർക്കാനാണ് നീക്കം. രാജ്യത്തെ ശിഥിലീകരിക്കുന്നതിനെതിരെയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുമുള്ള പോരാട്ടം ശക്തിപ്പെടുത്തണം–- ബൃന്ദ പറഞ്ഞു. ഇ എം എസിന്റെ ലോകം – ദേശീയ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.
രാജ്യത്തെ ഒന്നായി കാണേണ്ട കേന്ദ്രസർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് നോക്കുന്നത്. ഭരണഘടനയാണ് നമ്മുടെ ആകാശത്തിന്റെ അതിർത്തി. എന്നാൽ ഭരണഘടനയിൽ അധിഷ്ഠിതമായ മൂല്യങ്ങളെ തള്ളിക്കളയുകയാണ് ബിജെപി. മതം രാഷ്ട്രീയത്തിൽ ഇടപെടരുത്. എന്നാൽ മതമേത്, രാഷ്ട്രീയമേത് എന്ന് തിരിച്ചറിയാനാകാത്ത സാഹചര്യമാണ് കേന്ദ്രം സൃഷ്ടിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയുണ്ടാക്കിയ നിയമങ്ങൾ മാറ്റി കരിനിയമങ്ങൾ നടപ്പാക്കുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. യുപിയിൽ അടുത്തിടെയാണ് 600 മുസ്ലിം യുവാക്കളെ അറസ്റ്റുചെയ്തത്. അവർ ചെയ്ത തെറ്റെന്തെന്ന് ഇനിയും വ്യക്തമല്ല. ആർഎസ്എസ് തലവനായ മോഹൻ ഭാഗവതിന്റെ നേതൃത്വത്തിൽ ചരിത്രം മാറ്റിയെഴുതുകയാണ്. ആയിരം വർഷംമുമ്പ് ഹിന്ദുക്കൾക്ക് അഭിമാനപൂർവം ജീവിക്കാനായിരുന്ന ഒരു നാട് ഇവിടെ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ഇതിനെതിരെ പ്രതികരിക്കേണ്ട മുഖ്യപ്രതിപക്ഷ പാർടിയായ കോൺഗ്രസ് പലകാര്യത്തിലും ബിജെപിയെ അനുകരിക്കുകയാണ്–- ബൃന്ദ കാരാട്ട് പറഞ്ഞു.