പാരിസ്
കിലിയൻ എംബാപ്പെയെ പിഎസ്ജി വിൽക്കാനൊരുങ്ങുന്നു. അടുത്ത സീസണിൽ ഫ്രഞ്ചുകാരന്റെ കരാർ അവസാനിക്കാനിരിക്കെയാണ് ഫ്രഞ്ച് ഫുട്ബോൾ ലീഗ് ചാമ്പ്യൻമാരുടെ പുതിയ നീക്കം. 2024ൽ കരാർ പുതുക്കാൻ താൽപ്പര്യമില്ലെന്ന് ഇരുപത്തിനാലുകാരൻ അറിയിച്ചിരുന്നു. കരാർ അവസാനിച്ചാൽ എംബാപ്പെ സ്വതന്ത്രനാകും. ഇത് മുന്നിൽക്കണ്ടാണ് പിഎസ്ജിയുടെ നീക്കം. ഏകദേശം 1300 കോടി രൂപയാണ് പിഎസ്ജി മുന്നോട്ടുവയ്ക്കുന്നത്.
ലയണൽ മെസിക്കുപിന്നാലെ മറ്റൊരു സൂപ്പർതാരംകൂടിയാണ് പിഎസ്ജി വിടുന്നത്. നെയ്മറും ക്ലബ് വിട്ടേക്കുമെന്ന് സൂചനയുണ്ട്. സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ ബ്രസീലുകാരനുവേണ്ടി ശക്തമായി രംഗത്തുണ്ട്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് കഴിഞ്ഞ സീസണിൽ എംബാപ്പെയ്ക്കായി വലിയ ശ്രമം നടത്തിയിരുന്നു. എന്നാൽ, പിഎസ്ജി വിടില്ലെന്ന് ഫ്രഞ്ചുകാരൻ വ്യക്തമാക്കി. 2025വരെ കരാർ പുതുക്കാൻ ക്ലബ് ഈയിടെ ആവശ്യപ്പെട്ടു. ജൂലൈ 31 ആണ് തീരുമാനം അറിയിക്കാനുള്ള അന്തിമ തീയതി. ഇതിനിടെയാണ് കരാർ പുതുക്കില്ലെന്ന് എംബാപ്പെ വ്യക്തമാക്കിയത്. അതേസമയം, കരാർ പുതുക്കില്ലെന്ന് 2022ൽതന്നെ ക്ലബ്ബിനോട് വ്യക്തമാക്കിയിരുന്നുതായി എംബാപ്പെ പ്രതികരിച്ചു.
ഇതോടെ റയൽ ഉൾപ്പെടെയുള്ള യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ വീണ്ടും രംഗത്തിറങ്ങും. കരിം ബെൻസെമ സൗദി ലീഗിലേക്ക് ചേക്കേറിയതോടെ മറ്റൊരു ഗോളടിക്കാരനെ തേടുകയാണ് റയൽ. ടോട്ടനം ഹോട്സ്പറിന്റെ ഹാരി കെയ്നിനായി അവർ ശ്രമിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ എംബാപ്പെയായിരിക്കും സ്പാനിഷ് വമ്പൻമാരുടെ പ്രഥമ ലക്ഷ്യം.
2017ലാണ് ചാമ്പ്യൻ പിഎസ്ജിയിൽ എത്തുന്നത്. മൊണാകോയിൽനിന്ന് വായ്പാടിസ്ഥാനത്തിൽ കളിക്കാനെത്തിയ ഇരുപത്തിനാലുകാരൻ വൻതുകയ്ക്ക് പിന്നെ കരാറായി. 260 കളിയിൽ 212 ഗോളടിച്ചു. പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി. 2018ൽ ലോക ചാമ്പ്യൻമാരായ ഫ്രഞ്ച് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. ഖത്തർ ലോകകപ്പിൽ അർജന്റീനയോട് കിരീടപ്പോരിൽ തോറ്റെങ്കിലും മത്സരത്തിൽ ഹാട്രിക് നേടിയിരുന്നു. ഫ്രാൻസിനായി 68 കളിയിൽ 38 ഗോളടിച്ചു.
പിഎസ്ജിയിൽ ആറ് സീസൺ കളിച്ചപ്പോൾ അഞ്ചിലും ലീഗിലെ ടോപ് സ്കോററായി. മെസിക്കും എംബാപ്പെയ്ക്കും പിന്നാലെ സൂപ്പർ ത്രയത്തിലെ മൂന്നാമനായ നെയ്മറും പിഎസ്ജിയിൽ തുടർന്നേക്കില്ലെന്നാണ് സൂചന. 2017ൽ ഏകദേശം 1600 കോടി രൂപയ്ക്കാണ് നെയ്മർ ബാഴ്സയിൽനിന്ന് പിഎസ്ജിയിൽ എത്തിയത്. 2025 വരെയാണ് കരാർ. എന്നാൽ, ക്ലബ് വിടാനുള്ള ആഗ്രഹം മുപ്പത്തൊന്നുകാരൻ പരസ്യമായിതന്നെ പ്രകടിപ്പിച്ചിരുന്നു. സൗദിയിലെ അൽ ഹിലാൽ ക്ലബ് പ്രതിനിധികൾ പാരിസിൽ എത്തിയെന്നാണ് സൂചന. മെസിക്കുവേണ്ടി അവസാനനിമിഷംവരെ അൽ ഹിലാൽ രംഗത്തുണ്ടായിരുന്നു. എന്നാൽ, സൗദി ക്ലബ്ബിന്റെ വൻ വാഗ്ദാനം നിരസിച്ച മുപ്പത്തഞ്ചുകാരൻ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ചേരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നെയ്മർക്കായുള്ള അൽ ഹിലാലിന്റെ നീക്കം.