പാരിസ്
ടെന്നീസ് കളത്തിൽ ഒരിക്കലും തളരാത്ത മനുഷ്യനാണ് നൊവാക് ജൊകോവിച്ച്. റബർ മാൻ എന്നായിരുന്നു മുൻതാരം സ്റ്റാൻ സ്മിത്ത് ഒരിക്കൽ ജൊകോയെ വിശേഷിപ്പിച്ചത്. കളത്തിൽ ജൊകോയുടെ ശരീരവഴക്കം കണ്ട് എതിരാളികൾ അമ്പരന്നുപോയിട്ടുണ്ട്. ആദ്യ സെറ്റുമുതൽ അഞ്ചാംസെറ്റുവരെ ഒരേ താളത്തിൽ അതേ കരുത്തിൽ സെർബിയക്കാരൻ റാക്കറ്റ് വീശിക്കൊണ്ടിരിക്കും. 36 വയസ്സായി. ഉടനെയൊന്നും കളിനിർത്താനുള്ള ലക്ഷണം ശരീരമോ മനസ്സോ കാണിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ 23–-ാം ഗ്രാൻഡ് സ്ലാം കിരീടവുമായി ഈഫൽ ടവറിനരികെ നിൽക്കുമ്പോൾ ജൊകോ പറയുന്നു, ‘ഞാൻ മഹാനല്ല’. ഒന്നാംറാങ്കിലേക്ക് തിരികെയെത്തിയശേഷമായിരുന്നു സെർബിയക്കാരന്റെ പ്രതികരണം.
ഒരുതവണ മുൻതാരം ആൻഡി റോഡിക്ക് പറഞ്ഞു. ‘ആദ്യം നിങ്ങളെ കാലുകളെ അയാൾ തേടിവരും. പിന്നെ പ്രാണനെയും’. ജോകോയുടെ നിലവിലെ പരിശീലകൻ ഗൊരാൻ ഇവാനിസേവിച്ച് അതിനൊപ്പം ഇങ്ങനെ ചേർക്കുന്നു. ‘പിന്നെ അയാൾ നിങ്ങളുടെ ശവക്കല്ലറ തോണ്ടും. നിങ്ങൾ മരിക്കും. ശേഷം വന്നതിന് നന്ദി പറയും’.
ഒന്നാംറാങ്കുകാരൻ കാർലോസ് അൽകാരെസും 13 മാസത്തിനിടെ രണ്ടാംഫൈനലിന് ഇറങ്ങിയ കാസ്പെർ റൂഡും അത് സമ്മതിക്കും. സെമിയിലും ഫൈനലിലും ആദ്യ സെറ്റ് കൈയിൽ കിട്ടിയെന്ന് തോന്നലുണ്ടാക്കിയശേഷമാണ് ഇരുവരുടെയും കൈയിൽനിന്ന് കളി ഊർന്നുപോയത്. ഇത്രയും ഗ്രാൻഡ് സ്ലാം മത്സരങ്ങളിൽ കളിച്ചതിൽ അഞ്ചുതവണ മാത്രമാണ് ജൊകോയ്ക്ക് ആദ്യ സെറ്റ് കിട്ടിയശേഷം കളി നഷ്ടമാകുന്നത്.
റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കൊപ്പം പോരടിച്ചുനിന്നാണ് ജൊകോ ഉയരങ്ങൾ താണ്ടിയത്. 2010ൽ, തന്റെ 23–-ാംവയസ്സിൽ ആദ്യ ഗ്രാൻഡ് സ്ലാം നേടുമ്പോൾ ഫെഡറർക്ക് 16 കിരീടങ്ങളുണ്ടായിരുന്നു.
15 വർഷമായി ജൊകോ കളത്തിൽ. 20 ഗ്രാൻഡ് സ്ലാം കിരീടങ്ങളുമായി ഫെഡറർ കളമൊഴിഞ്ഞു. 22 കിരീടമുള്ള നദാൽ അടുത്തവർഷം കളിനിർത്തും. ജൊകോ അപ്പോഴും തുടരും. വരാനിരിക്കുന്ന വിംബിൾഡൺകൂടി നേടിയാൽ ഗ്രാൻഡ് സ്ലാം നേട്ടത്തിൽ മാർഗരറ്റ് കോർട്ടിനൊപ്പമെത്തും.
നദാലിന്റെ രണ്ടാംവീടെന്ന് പേരുള്ള റൊളാങ്ഗാരോയിൽ മൂന്ന് കിരീടങ്ങളായി. അതിൽ രണ്ടുതവണയും തോൽപ്പിച്ചത് നദാലിനെ. മറ്റാർക്കും അതിനുസാധിച്ചിട്ടില്ല. വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ എന്നീ ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ മൂന്നോ അതിലധികമോ കിരീടം നേടിയ ഏകതാരമാണ്. അതിനാൽത്തന്നെ ടെന്നീസിലെ എക്കാലത്തെയും മികച്ച താരമാകുന്നു ജൊകോ.















