കണ്ണൂർ> എല്ലാ കാലത്തും ഇടതുപക്ഷം മാധ്യമങ്ങൾക്കൊപ്പമാണെന്നും പത്രക്കാർശക്കതിരെ പരാതി ലഭിച്ചാൽ അതും അന്വേഷിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് ആരും ഉത്കണ്ഠപ്പെടേണ്ടതില്ല. മാധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് സിപിഐ എം.
പരാതി ലഭിച്ചാൽ പൊലീസ് അന്വേഷിക്കുന്നത് സ്വഭാവികമാണ്. അതിന്റെ പേരിൽ ഇടതുപക്ഷത്തെ മാധ്യമങ്ങൾ അധിക്ഷേപിക്കുകയാണ്. ഒരു പരാതികൊടുത്താൽ അതിൽ എഫ്ഐആർ എടുത്ത് നടപടിയെടുക്കും. തുടർന്നുള്ള അന്വേഷണത്തിൽ തെളിവുണ്ടെങ്കിലേ കേസെടുക്കൂ. പരാതിയിൽ പത്രക്കാരുടെ പേര് പറഞ്ഞാൽ അതും അന്വേഷിക്കും എന്നും ഇ പി പറഞ്ഞു.
വാർത്തകൾ റിപ്പോർട്ടിനിടയിൽ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടോ, അതിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്നെല്ലാം അന്വേഷിക്കുന്നതിൽ എന്താണ് തെറ്റുള്ളതെന്നും ഇ പി ചോദിച്ചു.