തൃശൂർ
അഗ്നിരക്ഷാസേനയിൽ ചുവടുവയ്ക്കാൻ ചരിത്രത്തിലാദ്യമായി സ്ത്രീകളും. നൂറുപേരെയാണ് ആദ്യഘട്ടത്തിൽ നിയമിക്കുന്നത്. പിഎസ്സി പരീക്ഷയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റും പൂർത്തീകരിച്ച് ഉദ്യോഗാർഥികൾക്കുള്ള അഡ്വൈസ് മെമ്മോ അയച്ചു. പൊലീസ് വെരിഫിക്കേഷൻ പൂർത്തീകരിച്ച് ഇവർക്കുള്ള പരിശീലനം ഉടൻ തൃശൂർ ഫയർ അക്കാദമിയിൽ ആരംഭിക്കും. സ്ത്രീകളെ എല്ലാ മേഖലകളിലേക്കും ഉയർത്തിക്കൊണ്ടുവരികയെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് അഗ്നിരക്ഷാ സേനയിലും സ്ത്രീകളെ നിയമിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് 100 ഫയര്‍ വുമണ്‍ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. 11 ജില്ലകളിലും അഞ്ച് വീതവും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 15 വീതം തസ്തികകളാണ് സൃഷ്ടിച്ചത്. പ്ലസ്ടു വാണ് അടിസ്ഥാന യോഗ്യത. പിഎസ്എസി പരീക്ഷ നടത്തി. 100 മീറ്റർ, 200 മീറ്റർ ഓട്ടം, ഹൈജംപ്, ലോങ് ജംപ്, ഷോട്ട്പുട്ട്, ത്രോബോൾ, ഷട്ടിൽ റെയ്സ് തുടങ്ങി കായിക പരീക്ഷകൾ പൂർത്തിയാക്കി. ഇതിൽ അഞ്ചെണ്ണമെങ്കിലും പാസാവണമെന്നാണ് വ്യവസ്ഥ. ഫയർ ഫോഴ്സായതിനാൽ നീന്തലും നിർബന്ധമായിരുന്നു.
ഉദ്യോഗാർഥികളുടെ നിയമനത്തിന് മുന്നോടിയായി പൊലീസ് വെരിഫിക്കേഷന് അയച്ചിരിക്കയാണ്. അത് പൂർത്തിയായാൽ നിയമന ഉത്തരവ് അയക്കും. തുടർന്ന് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തൃശൂർ ഫയർ അക്കാദമിയിലും പൊലീസ് അക്കാദമിയിലുമായി വിദഗ്ധ പരിശീലനം ആരംഭിക്കുമെന്ന് അക്കാദമി ഡയറക്ടർ കെ അബ്ദുൾ റഷീദ് പറഞ്ഞു. പൊലീസിലെ സ്ത്രീ ഇൻസ്ട്രക്ടർമാരുൾപ്പെടെയുള്ളവരുടെ സേവനം പരിശീലനത്തിനായി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
1962-ൽ കേരള ഫയർ സർവീസ് നിയമം വരുന്നതുവരെ ഫയര്‍ ഫോഴ്സ് കേരള പൊലീസ് വകുപ്പിനു കീഴിലായിരിന്നു. 1963 മുതലാണ് പ്രത്യേക വകുപ്പായി പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ സ്ത്രീകളെ നിയമിച്ചിരുന്നില്ല. പൊലീസിലും ജയിൽ വകുപ്പിലും എക്സൈസിലും വനംവകുപ്പിലും സ്ത്രീകളെ നിയമിച്ചതിനു പിന്നാലെയാണ് ഫയർഫോഴ്സിലും സ്ത്രീകളെ നിയമിക്കുന്നത്.