മൂന്നാർ
ഇരവികുളം ദേശീയോദ്യാനത്തിൽ പുതിയതായി 128 വരയാടിൻ കുഞ്ഞുങ്ങൾ ജനിച്ചതായി വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ് പറഞ്ഞു. വരയാടുകളുടെ പ്രജനനത്തിനായി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ പാർക്ക് അടച്ചിരുന്നു. ഏപ്രിൽ 25 മുതൽ 28 വരെയാണ് വരയാടുകളുടെ സെൻസസ് നടത്തിയത്. നാല് ദിവസത്തെ കണക്കെടുപ്പിലാണ് പുതിയ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനമേഖലയെ 13 ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിലും രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ, സോഷ്യൽ ഫോറസ്ട്രിയിലെ ബിരുദ വിദ്യാർഥികൾ, എൻജിഒമാർ, വാച്ചർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇത്തവണ കണക്കെടുപ്പ് നടത്തിയത്. പുതുതായി ജനിച്ച കുഞ്ഞുങ്ങളടക്കം 803 വരയാടുകളാണ് ആകെയുള്ളത്.
2022 ലെ കണക്കെടുപ്പിൽ ആകെ 785 വരയാടുകൾ ഉള്ളതായി കണ്ടെത്തി. ഇതിൽ 157 എണ്ണം കുഞ്ഞുങ്ങളായിരുന്നു. 97 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.