ന്യൂയോർക്ക്
അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ശാഖ കേരളത്തിൽ ആരംഭിക്കുന്നതിൽ പ്രാരംഭ ചർച്ചകൾക്കു തുടക്കം. ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്. ലോക കേരളസഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.
ഫൈസറിന്റെ ഗവേഷണ കേന്ദ്രം ചെന്നൈയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ശാഖ കേരളത്തിൽ തുടങ്ങാനാകുമോ എന്നാണ് നോക്കുന്നത്. പ്രീ ക്ലിനിക്കൽ ഗവേഷണരംഗത്ത് കേരളത്തിന്റെ സംഭാവനകളെക്കുറിച്ച് ഫൈസർ ചോദിച്ചു മനസ്സിലാക്കി. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലയിലുള്ള കേരളത്തിന്റെ ഗവേഷണ സമ്പത്ത് ഉപയോഗിക്കുന്നതും ചർച്ചയായി. കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള താൽപ്പര്യം ഫൈസർ പ്രതിനിധികൾ പങ്കുവച്ചു. സെപ്തംബറിനകം ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം കേരളത്തിലെത്തും.
ഫൈസർ സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ. രാജാ മൻജിപുടി, ഡോ. കണ്ണൻ നടരാജൻ, ഡോ. സന്ദീപ് മേനോൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കേരള സംഘത്തിൽ ചീഫ് സെക്രട്ടറി വി പി ജോയ്, പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ജോൺ ബ്രിട്ടാസ് എംപി, ഐടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, സ്നേഹിൽകുമാർ സിങ്, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവരും ഉണ്ടായിരുന്നു.