തിരുവനന്തപുരം
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. മാനദണ്ഡങ്ങൾക്കു വിധേയമായി 2500 രൂപ വരെയോ അല്ലെങ്കിൽ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ലഭിക്കും. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായാണ് പാരിതോഷികം.
പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ നിയമലംഘനങ്ങൾ അതത് തദ്ദേശസ്ഥാപനത്തിൽ അറിയിക്കാം. മാലിന്യം തള്ളിയ സ്ഥലം, സമയം, ഫോട്ടോ അല്ലെങ്കിൽ വീഡിയോ ക്ലിപ്പ് എന്നിവയുൾപ്പെടെയുള്ള തെളിവുകളാണ് നൽകേണ്ടത്. ഇതിനായി വാട്സാപ് നമ്പറും ഇ-–- മെയിൽ ഐഡിയും പൊതുജനങ്ങൾക്ക് ഉടൻ ലഭ്യമാക്കും.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെയോ അവരുടെ വാഹനങ്ങളെയോ തിരിച്ചറിയാൻ സഹായിക്കുന്ന തെളിവുകളുമായി അതത് തദ്ദേശ സ്ഥാപന സെക്രട്ടറിയെ സമീപിക്കണം. പരാതി കിട്ടിയാൽ ഏഴ് ദിവസത്തിനകം നടപടി സ്വീകരിക്കണം. നിയമലംഘനം അറിയിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കുറ്റകൃത്യത്തെക്കുറിച്ച് വിവരങ്ങൾ നൽകുന്ന വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ദിവസത്തിനകം പാരിതോഷിക തുകയെത്തും.
വാട്സാപ് നമ്പർ ഉടൻ
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ അറിയിക്കേണ്ട വാട്സാപ് നമ്പറും ഇ–-മെയിൽ വിലാസവും തദ്ദേശസ്ഥാപനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കണം. അതത് തദ്ദേശസ്ഥാപന പരിധിയിലെ വാട്സാപ് നമ്പറിലേക്ക് വിവരങ്ങൾ കൈമാറാം.